പിറന്നാൾ

 

നീണ്ട 12 വർഷങ്ങൾക്ക് ശേഷമാണ് അവളിൽ പുതിയൊരു ജീവൻ ഉരുവായതു.  പരാതികൾ ഇല്ലാതിരുന്നിട്ടും  ദാമ്പത്യം ദുഃഖപൂർണമാകാൻ  ഈ ഒരു കാരണം മതിയായിരുന്നു. ഇന്ന് ആ സങ്കടത്തിനു അറുതി വരുന്ന ദിവസമാണ്.  ലിസ്സമ്മയെ ലേബർ റൂമിൽ കയറ്റിയതു മുതൽ മോനിച്ചൻ തലങ്ങും വിലങ്ങും  നടത്തമാണ്. പെട്ടന്ന് ലേബർ റൂമിൽ നിന്നും ഒരു കുഞ്ഞി ശബ്‍ദത്തെയും കൊണ്ട്  ഒരു കാറ്റ് മോനിച്ചന്റെ അടുത്ത് വന്നു.  ആ ശബ്ദത്തെ മോനിച്ചന്റെ ചെവിയുടെ  ചുവട്ടിൽ നിക്ഷേപിച്ചു കാറ്റത്തിന്റെ വഴിക്ക് പോയി. ശബ്‌ദം മോനിച്ചന്റെ ചെവിയിൽ  ളേ.... ളേ... എന്ന് മന്ത്രിച്ചു. ഒരു മാലാഖ പുറത്ത് വന്ന് പറഞ്ഞു 'ആൺകുട്ടിയാണ് '. 'ലിസമ്മ' മോനിച്ചൻ ചോദ്യം മുഴുവിപ്പിക്കും മുന്നേ, രണ്ടാളും സുഖായിരിക്കുന്നു എന്ന് പറഞ്ഞു വാതിലടഞ്ഞു. തന്റെ കുഞ്ഞിനെ കയ്യിലെടുക്കാൻ അവന്റെ മനസ് കൊതിച്ചു. അവൻ facebookൽ ഒരു പോസ്റ്റ്‌ ഇട്ടു. ഒരുപാട് ആശംസകൾ അവനെ തേടിയെത്തി. വേറെ കുഴപ്പങ്ങൾ ഒന്നുമില്ലാതിരുന്നതുകൊണ്ട് രണ്ടു ദിവസംകൊണ്ട് ഡിസ്ചാർജ് ആയി. ' ഇവനു നമ്മൾ എന്ത് പേരിടും?? ' ലിസ്സ ചോദിച്ചു. 'അലൻ' മുൻപ് എപ്പോളോ മനസ്സിൽ ഗർഭ ധരിച്ച പേരിനെ മോനിച്ചന്  പ്രസവിച്ചു. അവർ കുഞ്ഞിന് അലൻ എന്ന് പേരിട്ടു. അവനു നീലക്കണ്ണുകൾ ആയിരുന്നു. അവൻ പെട്ടന്ന് തന്നെ കമിഴ്ന്നു. അവൻ കൂടുതൽ നേരം കമിഴ്ന്നു കിടന്നു, എപ്പോഴും അവന്റെ മുഖത്ത് മ്ലാനത നിറഞ്ഞു നിന്നു. 
അവനു  രണ്ടു വയസായി എങ്കിലും അവൻ അമ്മയെന്ന് വിളിച്ചില്ല. ഒരു  ദിവസം അവൻ  ലിസ്സമ്മയെ നോക്കി വിളിച്ചു 'ദേഈ' (1). ലിസമ്മ തിരിഞ്ഞ് നോക്കിയപ്പോൾ  അലൻ ആകെ വിയർത്തിരിക്കുന്നത് കണ്ടു. അവൻ അമ്മയോട് പറഞ്ഞു 'അഗിർ (2), ബിമ്പേ (3) എസ് ഡിറ്റിരിസിം (4)' ലിസ്സമ്മക്കു ഒന്നും മനസിലായില്ല അവൾ മകനെ കോരിയെടുത്തു. അവൻ അപ്പോഴും പറഞ്ഞു കൊണ്ടിരിന്നു 'അഗിർ , ബിമ്പേ'.  രാത്രിയിലും അലൻ കരഞ്ഞുകൊണ്ടിരുന്നു 'എവിടാൻഡിന് (5)'. മോനിച്ചനും ലിസ്സമ്മയ്യും അലന്റെ സംസാരം മനസിലാകാതെ പേടിച്ചുനിന്നു. അന്നവർക്ക് ഉറങ്ങാനേ കഴിഞ്ഞില്ല . അവർ പിറ്റേന്ന് തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് പോയി. ചെറുപ്പക്കാരനായ ഒരു ഡോക്ടർ അലനെ പരിശോധിച്ചു. അപ്പോൾ അലൻ പറഞ്ഞു 'മിരിൻ (6), ലസീൻ  മിരി (7)' പരിശോധനയിൽ പ്രശ്നം ഒന്നുമില്ല എന്ന് കണ്ടെത്തി അത് പറയാൻ നിന്ന ചെറുപ്പക്കാരൻ പെട്ടന്ന് ഊമയായി. മറ്റൊരു സീനിയർ ഡോക്ടറിന്റെ പേര് ഒരു കടലാസ്സിൽ എഴുതി. അയാളെ പോയി കാണാൻ ആംഗ്യം കാണിച്ചു. കുറച്ചു നേരം കാത്തിരുന്നു അവർ ആ ഡോക്ടറിന്റെ മുറിയിൽ പ്രവേശിച്ചു. മുൻപ് മിലിട്ടിറിയിൽ പ്രവർത്തിച്ചിരുന്ന ആളാണെന്നു ആ മുറിയിൽ കേറിയപ്പോൾ തന്നെ അവർക്ക് മനസിലായി. അവൾ മകന്റെ വിചിത്ര സ്വഭാവം വിവരിച്ചു. അയാൾ അലനെ നോക്കി ചിരിച്ചു. അയാളുടെ മേശപ്പുറത്തുള്ള മിട്ടായി ഭരണി നോക്കി അലൻ പറഞ്ഞു ' ബിർസി '(8) .  അയാളുടെ കണ്ണുകൾ തിളങ്ങി, അയാൾ അവന്റെ നീലക്കണ്ണുകളിലേക്ക് നോക്കി, അവനു ഒരു മിട്ടായി കൊടുത്തു. എന്നിട്ട് ലിസ്സമ്മയോടും മോനിച്ചനോടുമായി പറഞ്ഞു "ഇത് സിറിയയിൽ വെച്ചു ഞാൻ കേട്ടിട്ടുണ്ട്, കുർദിഷ് ആണ് ' മോനിച്ചനും ലിസ്സമ്മയും എന്തോ അത്യാഹിതം സംഭവിച്ചപോലെ മുഖത്തോട് മുഖം നോക്കി.
അലൻ ജനിച്ച അതെ സമയം സിറിയയിലും ഒരു ആൺകുട്ടി ജനിച്ചു.  അവനെ അവർ എയ്‌ലൻ എന്ന് വിളിച്ചു. അവൻ വിളികേട്ടതു മലയാളത്തിലായിരുന്നു.  അവൻ ആ കടൽ തീരത്തു അപ്പോഴും കമിഴ്ന്നു കിടക്കുകയായിരുന്നു. 
                                     ✍️ ഫെബിൻ ജോസഫ് 

                         ***************
(1) -  അമ്മേ 
(2) - തീ 
(3) - ബോംബ് 
(4) - എനിക്ക് പേടിയാകുന്നു 
(5) - പൊള്ളുന്നു 
(6) - മരണം 
(7) - ശവശരീരം 
(8) - വിശക്കുന്നു

Comments

Post a Comment

Popular posts from this blog

പ്രിയമുള്ള രവിക്ക്......

ദിവ്യഗർഭം