ആ യാത്രയിൽ



"അങ്ങോട്ട്‌ നീങ്ങി കിടക്കെടാ, എനിക്ക് ചൂടെടുക്കുന്നു. മഴക്കാലം ആണെന്ന് ചുമ്മാ പറയുന്നതാ. എന്ത് ചൂടാ!!. നീ എന്താ ഒന്നും മിണ്ടാതെ കിടക്കുന്നെ?" അവൾ സംസാരം നിർത്തി അവന്റെ മുഖത്തേക്ക് നോക്കി.
"നാളെ നമ്മൾ തമ്മിൽ കണ്ടിട്ട് ഒരു മാസം തികയും" അവൻ പറഞ്ഞു.
"നീ ഇതൊക്കെ ഓർത്തുവെച്ചേക്കുവാണോ? നമ്മൾ കണ്ടതിൽ പിന്നെ കൂടിപ്പോയാൽ ഒരു ദിവസം അല്ലെ കാണാതെ ഇരുന്നിട്ടൊള്ളു. ഇനി ഇപ്പൊ എപ്പോളും കാണാലോ".
"നിനക്ക് ഓർമയുണ്ടോ നമ്മൾ എങ്ങനെ കണ്ടുമുട്ടിയതെന്ന്? ആദ്യമായ് സംസാരിച്ചത് എങ്ങനെ ആണെന്ന്."
"ഈ ഒരു മാസം മുൻപ് നടന്നതല്ലേ എനിക്ക് നല്ല ഓർമയുണ്ട്. പക്ഷെ നീ അത് പറ നീ പറയുന്നത് കേൾക്കാൻ നല്ല രസാ." അവൾ കുഞ്ഞുങ്ങളെ പോലെ വാശിപിടിച്ചു.

അവൻ കഥ പറഞ്ഞു തുടങ്ങി. "അന്നാണ് ഞാൻ മരിക്കാൻ തീരുമാനിച്ചത്. പരാജയത്തിന്റെ രുചി അറിഞ്ഞപ്പോൾ സ്വന്തം എന്ന് കരുതിയവർ പോലും തള്ളി കളഞ്ഞപ്പോ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല. എന്റെ മരണത്തോടെ എല്ലാവരോടും പ്രതികാരം ചെയ്യാൻ ഞാൻ തീരുമാനിച്ചു. പക്ഷെ ആത്മഹത്യാ ചെയ്യാൻ എനിക്ക് പേടിയായിരുന്നു. എന്റെ അവസാന സമ്പാദ്യം കൊണ്ട് ഒരു യാത്ര പോകാമെന്നും ചെല്ലുന്നിടത്ത് പട്ടിണി കിടന്ന് മരിക്കണം എന്ന് മനസ്സിൽ കുറിച്ച് ഞാൻ യാത്ര തുടങ്ങി. ട്രെയിനിൽ കന്യാകുമാരിയിലേക്ക് ടിക്കറ്റ് എടുത്ത് ട്രെയിൻ വരുന്നതുവരെ കാത്തിരിന്നു. അപ്പോളാണ് ഞാൻ നിന്നെ കാണുന്നത്. കരഞ്ഞു കലങ്ങിയ കണ്ണും, മുഷിഞ്ഞ വസ്ത്രവും ധരിച്ച നിന്നെ." "കഥ പറയുമ്പോ എങ്കിലും എന്നെ ഭയങ്കര സുന്ദരി ആയി കണ്ടു എന്നൊക്കെ പറയടാ ദുഷ്ട". അവളുടെ പരാതി കേട്ടു അവൻ ചിരിച്ചു. " ആ കലങ്ങിയ കണ്ണുകൾ ഉള്ളത് കൊണ്ട് മാത്രം ആണ് നിന്നെ ഞാൻ ശ്രെദ്ധിച്ചത്. എനിക്ക് നിന്നോട് അസൂയയാണ് തോന്നിയത്. ഒന്നു കരയാൻ കഴിഞ്ഞിരുന്നെങ്കിൽ ചിലപ്പോൾ ഞാൻ ജീവിക്കാൻ ആഗ്രഹിച്ചെനെ, ഒന്നു കൂടി ശ്രെമിച്ചു നോക്കിയേനെ. നീ ധൃതിയിൽ വന്നെന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു. എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു. ഇടക്കിടക്ക് ആരുടെയോ call പ്രതീക്ഷിക്കുന്ന പോലെ മൊബൈലിലേക്ക് നോക്കുന്നുണ്ടായിരുന്നു. ഞാൻ നിന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്നു. പെട്ടന്നാണ് നിന്റെ ചോദ്യം എന്റെ നേരെ വന്നത് 'അടുത്ത ട്രെയിൻ ഏതാ? എപ്പോളാ? '
'എങ്ങോട്ട് പോകാനാ?
'ഇനി അതറിഞ്ഞാലെ പറയു? എനിക്ക് പരലോകത്തു പോകാനാ'
' ഇപ്പൊ ഒരു എക്സ്പ്രസ്സ്‌ വരുന്നുണ്ട് പെട്ടന്ന് തന്നെ എത്താം, ഞാനും അതിനു വേണ്ടിയാണു കാത്തിരിക്കുന്നത് '
'നിങ്ങളും പരലോകത്തു പോകാൻ നിക്കുവാണോ?'
'അതെ പക്ഷെ ഇവിടുന്നു നേരിട്ട് അല്ല കയ്യിൽ കുറച്ചു പണം മിച്ചം ഉണ്ടായിരുന്നു അതുകൊണ്ട് പരമാവധി ദൂരം യാത്ര ചെയ്ത് യാത്രയുടെ അവസാനം മരിക്കണം'
അപ്പോൾ നീ ചെറുതായി ഒന്ന് ചിരിച്ചു, നിന്റെ കരച്ചിലിനെക്കാൾ ഭംഗി കുറവായിരുന്നു നിന്റെ ചിരിക്കു." അവൻ ഇത് പറഞ്ഞു അവളുടെ മുഖത്തേക്ക് നോക്കി, അവൾ കണ്ണടച്ചു എന്തോ ആലോചിക്കുകയായിരുന്നു. അവൻ പെട്ടന്ന് നിർത്തിയപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കി. ബാക്കി പറയെടാ എന്ന് പറയുന്നപോലെ. " നീ വീണ്ടും മൊബൈലിൽ നോക്കി എന്തൊക്കെയോ പറഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. 'അടുത്ത എക്സ്പ്രസ്സിൽ എനിക്ക് പോകണം അല്ലെങ്കിൽ തന്നെ അത് late ആണ് ദയവായി വേറെ ട്രെയിനിൽ കൂടെ പരലോകത്തു പോകണം.' നീ ഒന്നൂടെ ചിരിച്ചു നിന്റെ ചിരിക്കു ചന്തം കൂടി വന്നു.
'എന്റെ കയ്യിലും കുറച്ച് പണം ഉണ്ട് ഞാനും കൂടെ വരട്ടെ നിങ്ങടെ കൂടെ?'
'അതിനു എന്നെക്കുറിച്ചു നിനക്ക് എന്തേലും അറിയുമോ, എന്ത് ഉറപ്പിലാ നീ വരുന്നത്'
'എന്തായാലും മരിക്കാൻ തീരുമാനിച്ചു, അതിനു മുന്നേ ഒരു യാത്ര പോകണം, നീയും എന്നെപോലെ മരിക്കാൻ തീരുമാനിച്ചത് കൊണ്ട് ഒരുമിച്ചു പോകാം'
'എന്നാ ശരി ഒരുമിച്ചാകാം യാത്ര, പക്ഷെ ഈ ഫോൺ ഉപേക്ഷിക്കണം' പറഞ്ഞു തീരുന്നതിനു മുൻപേ നീ ഫോൺ ട്രാക്കിലേക്ക് എറിഞ്ഞു, ഞാൻ ശരിക്കും അത്ഭുതപെട്ടു. അതുവരെ ഫോണിൽ നോക്കിയിരുന്ന നീ നിമിഷ നേരം കൊണ്ട് അതുപേക്ഷിച്ചു.
'നീ എന്തിനാ കരഞ്ഞത്? ആരുടെ മെസ്സേജിനു വേണ്ടിയാ നോക്കിയിരുന്നതു? എന്തിനാ മരിക്കാൻ തീരുമാനിച്ചത്?'
'എല്ലാത്തിനും ഒറ്റ ഉത്തരം ഒള്ളു അപ്പു, എനിക്ക് അവനെ ഒരുപാട് ഇഷ്ടമായിരുന്നു, അവനു എന്നോടും അങ്ങനെ തന്നെയെന്നു ഞാൻ വിശ്വസിച്ചു. പക്ഷെ അവൻ സമയം പോക്കിനുവേണ്ടിയാണ് എന്നെ സ്നേഹിച്ചത്' ഇത്രയും പറഞ്ഞു നീ വീണ്ടും കരഞ്ഞു.
എനിക്ക് എന്ത് ചെയ്യണം എന്നറിയില്ലായിരുന്നു, ഞാൻ മിണ്ടാതെ ഇരുന്നു.
'ഇയാൾ എന്തിനാ ഇങ്ങനെ മരിക്കാൻ തീരുമാനിച്ചത് അതും പ്രേമനൈരാശ്യം കൊണ്ടാണോ'
'പ്രണയം എനിക്കും ഉണ്ടായിരുന്നു അതു നല്ല രീതിയിൽ തന്നെ പൊളിയുകയും ചെയ്തു, പക്ഷെ ഒരു പെണ്ണിന് വേണ്ടി മരിക്കാൻ എനിക്ക് മനസില്ലായിരുന്നു. ഞാൻ മരിക്കാൻ കാരണം എന്റെ പരാജയങ്ങൾ ആണ്, കുറ്റപ്പെടുത്തലുകളാണ്. ആരോടും മറുപടി പറയാൻ ഇല്ലാത്ത നിസ്സഹായ അവസ്ഥയിൽ, ഒന്നു കരയാൻ പോലും പറ്റാത്ത ദുർബലമായ മനസ്സിൽ ആദ്യം തോന്നിയത് ഈ യാത്രയും ഇതിന്റെ അവസാനം മരണവുമാണ്, അതുകൊണ്ട് ഞാൻ ഇവിടെ എത്തി.'
ഞാൻ ഇത് പറഞ്ഞു കൊണ്ടിരുന്നപ്പോൾ തന്നെ നമ്മുടെ ട്രെയിൻ വന്നിരുന്നു. പെട്ടന്ന് തന്നെ ട്രെയിനിൽ കയറി നമ്മൾ സീറ്റ്‌ പിടിച്ചു. തിരക്ക് കുറവായിരുന്നു. കന്യാകുമാരി എത്തുന്നത് വരെ നമ്മൾ സംസാരിച്ചുകൊണ്ടിരുന്നു. നിന്റെ സംസാരത്തിൽ മിക്കപ്പോഴും അപ്പു എന്ന പേര് വന്നുകൊണ്ടേയിരുന്നു. നമ്മൾ ആ രാത്രി ഉറങ്ങിയതെയില്ല. എന്നെക്കുറിച്ചു നീയും നിന്നെക്കുറിച്ച് ഞാനും ഒരുപാട് അറിഞ്ഞു. ജീവിക്കണം എന്ന് എന്റെ ഉള്ളിൽ ഒരു ആഗ്രഹം മുളപൊട്ടി. ഞാൻ അത് നിന്നോട് പറഞ്ഞപ്പോൾ നിനക്കും അത് സമ്മതം ആയിരുന്നു. പിന്നീട് നമ്മൾ സംസാരിച്ചത് മുഴുവൻ ഭാവിയിൽ നമ്മൾ നടത്താൻ ഉദ്ദേശിക്കുന്ന യാത്രകളെ കുറിച്ചായിരുന്നു. അതിനുവേണ്ടി എങ്ങനെ പണം സമ്പാദിക്കും എന്നായിരുന്നു. ഒടുവിൽ നമ്മൾ ഇവിടെ എത്തി” അവൻ കഥ പറഞ്ഞു നിർത്തി.
“നമ്മളെക്കുറിച്ച് പത്രത്തിൽ വാർത്ത വന്നു. ഇതാ വായിച്ചു നോക്ക് “ അവൾ പത്രകഷണം എടുത്ത് അവന്റെ നേരെ നീട്ടി. അവൻ അത് മേടിച്ചു വായിച്ചു. അവളോട് പറഞ്ഞു “നമ്മൾ കമിതാക്കൾ ആയിരുന്നെന്നു ഇതിൽ ഉണ്ടല്ലോ “
“നമ്മൾ പരിചയപെട്ടിരുന്നല്ലോ!!!”
“നിനക്ക് ഈ പത്രം എവിടുന്നു കിട്ടി? “
“ഇന്ന് ഇവിടെ വന്ന ആരോ ഉപേക്ഷിച്ചു പോയ പത്രമാണ്”
“ഇതാപ്പോ ഒരു മാസം മുന്നത്തെയാണല്ലേ “
“അതെ”
“നമ്മൾ ജീവിക്കാൻ തീരുമാനിച്ചത് എന്താ ഇതിൽ ഇല്ലാത്തത് “
“നമ്മൾ അതിനു മുന്നേ മരിച്ചു പോയിരുന്നല്ലോ”
അവൾ ചിരിച്ചു, കൂടെ മറ്റുള്ളവരും ചിരിച്ചു. സ്മശാനത്തിൽ കൂട്ടചിരി പരന്നു. രണ്ടു പേർ മാത്രം ചിരിച്ചില്ല. അവനും ഇന്ന് അവിടെ എത്തിയ അപരിചിതനും.
അവൻ വാർത്ത ഒന്നുകൂടെ വായിച്ചു
‘കന്യാകുമാരി റെയിൽവേ സ്റ്റേഷനു സമീപം കമിതാക്കളുടെ മൃതശരീരം, ആത്മഹത്യ എന്ന് നിഗമനം’
എങ്ങനെ മരിച്ചെന്നു അവൻ എത്ര ആലോചിച്ചിട്ടും അവനു ഓർമ വന്നില്ല. അവർ കമിതാക്കൾ അല്ലെന്നും അവർ ആത്മഹത്യ ചെയ്തതല്ലെന്നും മാത്രം അവനു ഉറപ്പുണ്ടായിരുന്നു

✍🏼ഫെബിൻ ജോസഫ്

Comments

Popular posts from this blog

പ്രിയമുള്ള രവിക്ക്......

ദിവ്യഗർഭം

പിറന്നാൾ