പ്രിയമുള്ള രവിക്ക്......

 

പ്രിയമുള്ള രവിക്ക്.......

ഒരുപാട് വർഷങ്ങൾക്കുശേഷം  ഞാൻ ഇന്നാണ് ഒരു കത്തെഴുതുന്നത്. കുറെയേറെ കത്തുകൾ മുൻപെഴുതിയിട്ടുണ്ടെങ്കിലും അന്നൊന്നുമില്ലാത്ത ഒരുതരം ശൂന്യത എനിക്കനുഭവപ്പെടുന്നു. വാക്കുകൾക്കുവേണ്ടി അന്വേഷിച്ചിട്ടും കിട്ടാതെ വരുന്ന തരം ഒരു അന്ധത എനിക്ക് പിടിപെട്ടതുപോലെ. രവി സുഖമായിരിക്കുന്നു എന്ന് വിശ്വസിക്കാനാണ് എനിക്ക് ഇഷ്ടം. ഇത്രയും നാളുകൾക്ക് ശേഷം എന്തിനീ കത്തെന്നു രവി ചിന്തിക്കുന്നുണ്ടാവും. കഴിഞ്ഞ ദിവസം, കുറത്തിമലയിൽ വെച്ച് ഞാൻ രവിയെ കണ്ടിരുന്നു. പക്ഷേ, ഒന്ന് സംസാരിക്കാൻ പോലും സാധിക്കുന്നതിനു മുൻപേ രവി അവിടെനിന്നും മറഞ്ഞിരുന്നു. രവിയുടെ കൂടെ ഉണ്ടായിരുന്നത് പത്മിനി ആയിരുന്നിരിക്കണം. രവിയുടെ എല്ലാ കഥകളും പുസ്തകങ്ങളും ഞാൻ ശേഖരിച്ചു വെച്ചിട്ടുണ്ട്. ഒന്ന് പോലും വായിച്ചു നോക്കിയിട്ടില്ലെങ്കിൽകൂടി രവിയുടെ പേരിൽ അച്ചടിച്ചു വരുന്നതൊക്കെ സൂക്ഷിച്ചു വെക്കുന്നത് പണ്ട് മുതലേ എനിക്കേറ്റവും പ്രിയപ്പെട്ട കാര്യമാണെന്ന് രവിക്കറിയാമല്ലോ... എപ്പോഴോ ചന്ദ്രേട്ടനാണ് രവി പത്മിനിയെ വിവാഹം ചെയ്ത കാര്യം എന്നെ വായിച്ചു കേൾപ്പിച്ചത്. ചന്ദ്രേട്ടൻ രവിയുടെ ഒരു വലിയ ആരാധകനാണ്. രവിയുടെ കഥകൾക്ക് പച്ചയായ ജീവിതത്തിന്റെ ഗന്ധമാണെന്ന ചന്ദ്രേട്ടൻ പറയാറ്. ഇപ്പൊ രവിയുടെ കഥകൾ കാണാറില്ല എന്ന് പരിഭവം പറയുന്നതും കേട്ടു. എന്തേ ഇപ്പൊ ഒന്നും എഴുതാതെ ഇരിക്കുന്നത്? അന്ന് രവിയെ ഒരിക്കൽ കൂടെ കണ്ടിരുന്നെങ്കിൽ എന്ന് ഞാൻ വിചാരിച്ച ഉടനെ എന്റെ  മകനെ നോക്കിനിൽക്കുന്ന രവിയെ ആണ് ഞാൻ കണ്ടത്.  ആ ചിത്രം വരച്ചുകൊണ്ട്    നിന്നത്  ഞങ്ങളുടെ മകൻ ആദിത്യനാണ്. രവി അതീവ താല്പര്യത്തോടെ അവന്റെ സൃഷ്ടി നോക്കി നിന്നത് കണ്ടപ്പോൾ എനിക്കുണ്ടായ ആനന്ദം അനിർവചനീയമാണ്. രവിയും പത്മിനിയും, സൂര്യനും താമരയും. ആദിമുതൽ വേർപിരിയാത്ത ജോടികൾ, നിങ്ങളും അങ്ങനെ തന്നെ. നിങ്ങൾ കൈ കൈകോർത്തു പിടിച്ചു കുന്നിറങ്ങി പോയപ്പോൾ ഞാനും എന്റെ ഓർമയുടെ ഗിരി ഇറങ്ങി നമ്മുടെ സ്കൂൾ കാലഘട്ടത്തിൽ എത്തി. നമ്മൾ കണ്ടുമുട്ടിയ ആ ദിവസം. പുതിയതായി ചേർന്ന സ്കൂളിലെ ആദ്യ പ്രസംഗമത്സരം. യാതൊരു തയാറെടുപ്പും ഇല്ലാതെ, വല്ലാതെ പേടിച്ചിരുന്ന എന്റെ നേരെ നടന്നു വരുന്ന രവി. ആ മത്സരവും വിധിയും തീർത്തും അപ്രസക്തമാക്കുന്നതായിരുന്നു ആ കണ്ടുമുട്ടൽ. സ്കൂൾ കാലഘട്ടം മുഴുവൻ നിറമുള്ള ഓർമ്മകൾ സമ്മാനിച്ച ഒരു വിശുദ്ധ സൗഹൃദത്തിന്റെ തുടക്കം. അക്ഷരങ്ങളുടെ ലോകത്ത്, ഭാവനയുടെ രഥത്തിലേറി നമ്മൾ എത്രയേറെ ദൂരം സഞ്ചരിച്ചു. എന്റെ ഭ്രാന്തൻ ചിന്തകളിൽ തെളിയുന്ന വാക്കുകൾ കുറിച്ച് ഞാൻ നിനക്ക് സമ്മാനിക്കുമ്പോൾ നീ അതിൽനിന്നും സുഗന്ധം പകരുന്ന കവിതകൾ മടക്കി തന്നു, ഒരുപാട് സ്വരങ്ങൾ ചേർന്ന് ഒരു മനോഹരമായ സിംഫണി ഉണ്ടാകുന്നതു പോലെ. രവിയുടെ എല്ലാ കഥകളും ആദ്യം എനിക്കു വായിക്കണം എന്ന എന്റെ പിടിവാശിക്ക് വെള്ളവും വളവും നൽകിയത് ഓരോ കഥയും ആദ്യം എനിക്ക് മാത്രം നൽകിയ രവി തന്നെയാണ്.  അതുകൊണ്ട് തന്നെ രവിയുടെ കഥകൾ എല്ലാം ഞാനാൽ വായിക്കപ്പെടാതെ ഇവിടെ വീർപ്പുമുട്ടുന്നുണ്ടാവും. നാം നനയാത്ത ഒരു മഴയും നമ്മൾ ഒരുമിച്ചുള്ളപ്പോൾ പെയ്തിട്ടില്ല. എന്നാലും എന്തിനായിരുന്നു രവി ആ ഒളിച്ചോട്ടം?? നമ്മുടെ നാട്ടിൽനിന്നും, പ്രിയപ്പെട്ടവരിൽനിന്നും, നമ്മുടെ ലോകത്തുനിന്നും രവി എന്തിനാ പോയത്?? ആ അപ്രതീക്ഷിതമായ വേർപിരിയലിനുമുൻപ് ഒരിക്കലും നഷ്ടപ്പെടുത്തരുതെന്ന് പറഞ്ഞു എനിക്ക് നൽകിയ രവിയുടെ ഡയറിയും, അതിൽ രവി ആകാശം കാണാതെ ഒളിപ്പിച്ചു വെച്ച മയിൽ‌പീലിയും ഇന്നും ഞാൻ നിധിപോലെ സൂക്ഷിക്കുന്നുണ്ട്. രവി എനിക്ക് സമ്മാനിച്ച എണ്ണമറ്റ നല്ലൊർമ്മകൾ പോലെ രവിയുടെ ഡയറിയിലെ ആകാശം കാണാത്ത മയിൽ‌പീലി ഒത്തിരിയേറെ മയിൽ‌പീലി കുഞ്ഞുങ്ങളെ പ്രസവിച്ചിട്ടുണ്ടാകും. രവിയെക്കുറിച്ചുള്ള ഓർമ്മകൾ തിരമാല പോലെ എന്നിലേക്ക് വീണ്ടും വരുന്നു. പക്ഷേ ചന്ദ്രേട്ടനും ആദിയും മടങ്ങി വരാൻ സമയമായി. ഞാൻ എന്റെ കത്ത് നിറുത്തുന്നു.

                           സ്നേഹത്തോടെ ഇന്ദുലേഖ

ഇന്ദു കത്ത് മടക്കി രവിയുടെ ഡയറിയുടെ അടിയിൽ വെച്ചു. അവിടെ രവിയാൽ വായിക്കപ്പെടാനാവാതെ വിങ്ങുന്ന ഒരുപാട് കത്തുകൾ വേറെയും ഉണ്ടായിരുന്നു.


                             ✍️ ഫെബിൻ ജോസഫ്

Comments

Popular posts from this blog

ദിവ്യഗർഭം

പിറന്നാൾ