എനിക്ക് മുള്ളണം
ആലുവയിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിന്റെ ഏറ്റവും പിന്നിലെ കംപാർട്മെന്റിൽ കയറി, ട്രെയിൻ നീങ്ങുന്നതിനു എതിരില്ലാത്ത ഒരു ഇരിപ്പിടത്തിൽ തന്നെ അവൻ സ്ഥാനം ഉറപ്പിച്ചു. എറണാകുളം നഗരജീവിതത്തോട് 'ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല ശശിയെ' എന്ന് പറഞ്ഞുകൊണ്ടുള്ള യാത്ര. ശരിക്കും ഒരു ഒളിച്ചോട്ടത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണിത്. ആൽക്കമിസ്റ്റിലെ ആ ഇടയബാലനുണ്ടായ തിരിച്ചറിവുപോലെ തന്റെ നാട്ടിലേക്കു തിരിച്ചു പോകാനുള്ള ഉൾവിളി, പക്ഷേ അതിന് ഈ ഹൃസ്വനഗരജീവിതം അവനും ആവശ്യമായിരുന്നു. ഒരുപാട് ജീവിതങ്ങൾ കണ്ട സമയം, ആഡംബരത്തിന്റെ ഉത്തുംങ്കശൃംഗത്തിൽ ഉള്ളവർ മുതൽ അന്നത്തെ അന്നതിനു മാത്രം വക കരുതാൻ പറ്റുന്നവർ വരെ. ഒരുപാട് വ്യക്തിബന്ധങ്ങൾ നേടാൻ സഹായിച്ച സ്ഥലം, ഉറ്റസുഹൃത്തുക്കൾ മുതൽ ഒരു ചിരിയിൽ മാത്രം ഒതുങ്ങുന്ന സൗഹൃദങ്ങൾ വരെ. പക്ഷേ ഈ മടക്കയാത്രയിൽ അവൻ ഒറ്റക്കാണ്. പാസ്സഞ്ചർ ആയതുകൊണ്ടാകണം ട്രെയിനിലും തിരക്ക് വളരെ കുറവായിരുന്നു. പണ്ടെപ്പോളോ നഷ്ടപ്പെട്ടുപോയ വായന പൂർവാധികം ശക്തിയിൽ തിരികെ വരാൻ വള്ളത്തോൾ വായനശാല ഒര...