എനിക്ക് മുള്ളണം
ആലുവയിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിനിന്റെ ഏറ്റവും പിന്നിലെ കംപാർട്മെന്റിൽ കയറി, ട്രെയിൻ നീങ്ങുന്നതിനു എതിരില്ലാത്ത ഒരു ഇരിപ്പിടത്തിൽ തന്നെ അവൻ സ്ഥാനം ഉറപ്പിച്ചു. എറണാകുളം നഗരജീവിതത്തോട് 'ഇനി ഒരു തിരിച്ചു വരവുണ്ടാകില്ല ശശിയെ' എന്ന് പറഞ്ഞുകൊണ്ടുള്ള യാത്ര. ശരിക്കും ഒരു ഒളിച്ചോട്ടത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണിത്. ആൽക്കമിസ്റ്റിലെ ആ ഇടയബാലനുണ്ടായ തിരിച്ചറിവുപോലെ തന്റെ നാട്ടിലേക്കു തിരിച്ചു പോകാനുള്ള ഉൾവിളി, പക്ഷേ അതിന് ഈ ഹൃസ്വനഗരജീവിതം അവനും ആവശ്യമായിരുന്നു. ഒരുപാട് ജീവിതങ്ങൾ കണ്ട സമയം, ആഡംബരത്തിന്റെ ഉത്തുംങ്കശൃംഗത്തിൽ ഉള്ളവർ മുതൽ അന്നത്തെ അന്നതിനു മാത്രം വക കരുതാൻ പറ്റുന്നവർ വരെ. ഒരുപാട് വ്യക്തിബന്ധങ്ങൾ നേടാൻ സഹായിച്ച സ്ഥലം, ഉറ്റസുഹൃത്തുക്കൾ മുതൽ ഒരു ചിരിയിൽ മാത്രം ഒതുങ്ങുന്ന സൗഹൃദങ്ങൾ വരെ. പക്ഷേ ഈ മടക്കയാത്രയിൽ അവൻ ഒറ്റക്കാണ്. പാസ്സഞ്ചർ ആയതുകൊണ്ടാകണം ട്രെയിനിലും തിരക്ക് വളരെ കുറവായിരുന്നു. പണ്ടെപ്പോളോ നഷ്ടപ്പെട്ടുപോയ വായന പൂർവാധികം ശക്തിയിൽ തിരികെ വരാൻ വള്ളത്തോൾ വായനശാല ഒരു ശക്തമായ ഉത്പ്രേരകമായിരുന്നു. അതുകൊണ്ട് തന്നെ അവന്റെ യാത്രയിൽ സഹയാത്രികനായി ഭാരതസാഹിത്യത്തിലെ ഒട്ടുമിക്ക മികച്ച അവാർഡുകളും നേടിയ, ഇരുപത്തിയേഴാം തവണയും പുനർജനിച്ച ഒരു പുസ്തകം ഉണ്ടായിരുന്നു. ' ഈ ലോകത്ത് പൂർണ്ണവളർച്ച എത്താതെ മരിക്കുന്ന ജീവി മനുഷ്യനാണ്' അവൻ 'പ്രാരംഭം' വായിച്ചു തുടങ്ങി. നാറാപിള്ളയും അപ്പോളിയനും കുഞ്ഞ് അമ്മയും എല്ലാം അവന്റെ കൂടെ തീവണ്ടിയിൽ ഉണ്ടെന്ന് അവനു തോന്നി. ആരും ഇറങ്ങാനും കയറാനും ഇല്ലാത്ത സ്റ്റേഷനുകളിൽ പോലും നിർത്തി കൊടികാണിക്കുന്നവരോട് കുശലം പറഞ്ഞാണ് തീവണ്ടി കിതക്കുന്നത്. 'ഏതു തീവണ്ടി വന്നാലും ഞാൻ മാറിനിന്നുകൊടുക്കും' എന്ന വളരെ ഉദാരമനോഭാവത്തിലാണ് അവന്റെ ശകടം നീങ്ങുന്നത്. അവൻ പുസ്തകത്തെ വീണ്ടും തിന്നാൻ തുടങ്ങി. പുസ്തകം അവനെ കീഴ്പെടുത്തിയിരുന്നു എന്നതാണ് സത്യം. അങ്ങാടിപ്പുറം എത്തിയപ്പോൾ മൂന്ന് തലമുറയിൽപെട്ട സ്ത്രീകൾ അവൻ ഇരുന്നിടത്ത് വന്നു. ഒരു മധ്യവയസ്കയും ഒരു യുവതിയും പിന്നെ ഓമനത്തമുള്ള ഒരു കുട്ടിയും. തീർച്ചയായും അത് രണ്ട് അമ്മമാരും രണ്ട് കുട്ടികളുമായിരുന്നിരിക്കണം. അവൻ വീണ്ടും പുസ്തകത്തിലേക്ക് തിരിഞ്ഞു. ഇനി കുറഞ്ഞ സമയമേ ഒള്ളു, ഇന്ത്യൻ റെയിൽവേ പോലും ഹരിത ഇടനാഴിയായി പ്രഖ്യാപിച്ച ഈ പാതയുടെ ഭംഗി ആസ്വദിക്കാൻ അവൻ തീരുമാനിച്ചു. തീവണ്ടി കാണുമ്പോൾ കൈവീശി കാണിച്ചിരുന്നു ബാല്യത്തിൽ നിന്നും തീവണ്ടി മുഴുവനായി ഒരു അഞ്ചിഞ്ച് ഫോണിൽ പിടിച്ചെടുക്കുന്നതിലേക്ക് സ്മാർട്ട് ആയതിനെക്കുറിച്ചു അവൻ അത്‍ഭുതം കൂറി. അവന്റെ മുൻപിൽ ഇരിക്കുന്ന കുട്ടി അപ്പോൾ എന്തോ കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇനിയും വൈദ്യുതിവത്കരിച്ചിട്ടില്ലാത്ത പാതയിലൂടെ തീവണ്ടി കിതച്ചു കുതിച്ചുകൊണ്ടിരുന്നു. അടുത്ത സ്റ്റേഷനിൽ മധ്യവയസ്‌ക ഇറങ്ങി, ഇറങ്ങുന്നതിനു മുൻപേ കൊച്ചുമകളുടെ സ്നേഹചുംബനം മേടിക്കാൻ അവർ മറന്നില്ല. കുട്ടി കൺമറയുന്നതുവരെ കൈവീശി കാണിച്ചു. അവൻ ആ കുഞ്ഞിനെ നോക്കി ചിരിച്ചു. കുട്ടി അപ്പോഴേക്കും ഉണ്ണിയപ്പം കഴിക്കാൻ തുടങ്ങിയിരുന്നു. ഒരു ഉണ്ണിയപ്പം സ്നേഹത്തോടെ നീട്ടിയെങ്കിലും അവൻ അത് സ്നേഹപൂർവ്വം നിരസിച്ചു. അവരും നിലമ്പൂരിലേക്ക് ആണെന്നും അമ്പലത്തിൽ പോയതാണെന്നും അവനോട് ആ യുവഅമ്മ പറഞ്ഞു. അമ്മമ്മാർക്ക് മാത്രം മനസിലാകുന്ന പ്രത്യേക ഭാഷയിൽ ആ കുഞ്ഞ് എന്തോ പറഞ്ഞു. അമ്മ ഒരു കുപ്പിയിൽ നിന്നും വെള്ളം ഒരു കപ്പിലേക്ക് പകർത്തി അവൾക്ക് കൊടുത്തു. 'ഇനി കിടന്നോ, കുറച്ച് ദൂരം കൂടെ ഉണ്ട്' എന്ന് പറഞ്ഞു തീരുംമുൻപേ കുട്ടി സീറ്റിലേക്ക് കിടന്നു. പെട്ടന്ന് തന്നെ ചാടി എഴുന്നേറ്റ് കുഞ്ഞ് ഉറക്കെ പറഞ്ഞു 'എനിക്ക് മുള്ളണം ' അവനും അമ്മയ്ക്കും ചിരി പൊട്ടി.
ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ട് അവൻ ഓർത്തോർത്തു ചിരിച്ചു. ചിരിക്കിടയിൽ അവൻ ധരിച്ച ഡയപ്പെർ നനഞ്ഞതറിയാതെ അവൻ പറഞ്ഞു 'എനിക്ക് മുള്ളണം'.
✍️ ഫെബിൻ ജോസഫ്
Comments
Post a Comment