പുഴക്കരയിലേക്ക്


പതിവുപോലെ അവർ നഗരത്തിലെ തിരക്കൊഴിഞ്ഞ റോഡിന്റെ അരികിലുള്ള മരത്തിനു താഴെ കണ്ടുമുട്ടി. നിരത്തിൽ  ആളുകൾ കൂടികൊണ്ടിരുന്നു, എല്ലാവരും ധൃതിയിലാണ്. ചിലർ എന്തെല്ലാമൊ പറഞ്ഞു വളരെ സന്തോഷത്തിലാണ്.  മറ്റു ചിലർ ഏകാന്തതയെ വല്ലാണ്ട് സ്നേഹിക്കുന്ന പോലെ എല്ലാവരിലും നിന്ന് മാറി നിൽക്കുന്നു. പെട്ടന്ന് ആരോ ഓടിവരുന്നതും പിന്നിലുള്ള ആരെയോ തിരിഞ്ഞു നോക്കുന്നത്പോലെയും അവർ കണ്ടു. അവളാണ് അവരുടെ ഇടയിലെ നിശബ്ദത ഇല്ലാതാക്കിയത്. 
"ഇന്നെങ്ങോട്ടാണ് നമ്മൾ പോകുന്നത്?"
"നമുക്ക് ആ മലയുടെ അടിവാരത്തെ പുഴയിൽ പോകാം "
" ഞാനും ഒരുപാട് നാളായി അവിടെ പോകണമെന്ന് കരുതുന്നു, നീ ഇല്ലാണ്ട് പോകണ്ട എന്ന് വിചാരിച്ചിട്ടാ"
അവർ പുഴയോരത്തേക്ക് യാത്ര തിരിച്ചു. പെട്ടന്ന് അവരുടെ നേരെ അവളുടെ അച്ഛൻ വരുന്നത് അവർ കണ്ടു. ആരോടും പറയാതെയുള്ള യാത്രയാണ് ഇത്. അച്ഛൻ വളരെ ശ്രദ്ധിച്ചാണ് നടക്കുന്നത് മുൻപിൽ വലിയ എന്തോ ഗർത്തം ഉള്ളതുപോലെ. അവരുടെ അടുത്തെത്തിയപ്പോൾ അയാൾ അവളെ നോക്കി പുഞ്ചിരിച്ചു, അപ്പോൾ അച്ഛന്റെ കണ്ണ് നിറഞ്ഞത് എന്തിനാണെന്ന് അവൾക്കു മനസിലായില്ല. അവനെ ശ്രദ്ധിക്കാതെ അച്ഛൻ വീണ്ടും മുന്പോട്ട് നടന്നു. അവർ വീണ്ടും ലക്ഷ്യ സ്ഥാനത്തേക്ക് തിരിച്ചു. ആ സ്ഥലം തികച്ചും വിജനമായിരുന്നു. മലയുടെ മുകളിൽ നിന്നും പരിശുദ്ധയായി ഒഴുകിവരുന്ന ആ പുഴയിലേക്ക് കാലിറക്കിവെച്ച്  അവർ അവിടെ ഇരുന്നു. നാളെ പോകേണ്ട സ്ഥലത്തെക്കുറിച്ചും, ഇന്ന് കണ്ടുമുട്ടിയ ഓടുന്ന ആളെക്കുറിച്ചും അവർ സംസാരിച്ചു. താനും പണ്ട് ഇതുപോലെ ഓടിയിട്ടുണ്ടെന്നു അവൻ പറഞ്ഞു, അത് വല്ലാത്ത ഒരു അവസ്ഥയാണെന്നും മിക്കവാറും ഈ ഓട്ടത്തിന്റെ അവസാനം വീഴ്ചയായിരിക്കുമെന്നും അവൻ കൂട്ടിചേർത്തു. അവൻ പതിയെ അവളുടെ മടിയിൽ തല ചായ്ച്ച് കിടന്നു.  അവളുടെ കൈവിരലുകൾ,  വലിയ മരത്തിന്റെ ഇലകളിൽ വന്നു പതിച്ചു താഴോട്ടു വീഴുന്ന മഴത്തുള്ളികൾ പോലെ അവന്റെ മുടിയിഴകളിലൂടെ ചലിക്കാൻ തുടങ്ങി. അവർ സ്വയം മറക്കാൻ തുടങ്ങുകയായിരുന്നു. അവൾ പതിയെ മുഖം അവനിലേക്ക് അടുപ്പിച്ചു. അവന്റെ ശ്വാസത്തിന്റെ ചൂടും, വ്യതിയാനവും  അവൾക്ക് അറിയാന്  സാധിച്ചു. അവർ മധുരമായി ചുംബിച്ചു. അവർ കുറച്ചു നേരം കൂടെ അവിടെ ചിലവഴിച്ചു. അവളെ കണ്ടുമുട്ടിയിടത്തു അവളെയാക്കി അവൻ തിരിച്ചു പോയി. ഗാഢമായ ഉറക്കത്തിൽ നിന്നും പുഞ്ചിരിയോടെ അവൻ എഴുന്നേറ്റു. നേരെ അവളുടെ അടുത്ത് ചെന്നു പറഞ്ഞു.
"വളരെ മനോഹരമായ ഒരു സ്വപ്നം ഞാൻ കണ്ടു, നിനക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലത്തു നീയും ഞാനും മാത്രം" അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അവൾ അവനെ നോക്കി ചിരിച്ചു. ആണികൊണ്ട് അവളെ ഭിത്തിയിൽ തളച്ചിരുന്നെങ്കിലും, അവൾ സ്വതന്ത്ര്യയായി  തിരക്കുക്കുറഞ്ഞ ആ റോഡരികിൽ  അവൻ ഉറങ്ങുന്നതും കാത്ത് നിൽപ്പുണ്ടായിരുന്നു. അവന്റെ കൂടെ അടുത്ത് യാത്ര പോകാൻ. 
                                                                                                                       ✍🏼 ഫെബിൻ ജോസഫ്

Comments

Popular posts from this blog

പ്രിയമുള്ള രവിക്ക്......

ദിവ്യഗർഭം

പിറന്നാൾ