ടിക്കറ്റ്
"ഇത് തികച്ചും സാങ്കൽപ്പിക കഥയാണ് " മരത്തടിയിൽ പണിത ആ ഭീമാകാരമായ കപ്പലിൽ ഒരുപാട് യാത്രക്കാരുണ്ടായിരുന്നു. സർവ്വ ജീവജാലങ്ങളെയും ഉൾക്കൊണ്ട നോഹയുടെ പേടകത്തോട് കിടപിടിക്കുന്നതാണ് ഈ കപ്പൽ. ഇതിലെ യാത്രക്കാർക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. മറ്റൊരാൾ എടുത്തു നൽകിയ ടിക്കറ്റുമായിട്ടാണ് അവർ ഈ യാത്ര ചെയ്യുന്നത്. ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വെളിച്ചത്തിൽ മാത്രം സഞ്ചരിക്കുന്ന ഈ കപ്പൽ കൂമൻ കൂകുന്നിടത്തു കൂടെ എല്ലാം പോകാറുണ്ട്. എങ്കിലും മുൻപ് പറഞ്ഞപോലെ മറ്റൊരാൾ നൽകിയ ടിക്കറ്റ് ഉണ്ടെങ്കിലേ ഈ നിശാഗന്ധി പൂക്കുന്ന ഗന്ധം ആസ്വദിച്ചുള്ള യാത്ര സാധ്യമാകു. 'നമ്മൾ ഇനി എങ്ങോട്ടാണ് പോകുന്നത്? ' യാത്രക്കാരിൽ ഒരാൾ, കറുത്ത വലിയ തൊപ്പി വച്ചിരിക്കുന്ന കപ്പിത്താനോട് ചോദിച്ചു. 'എനിക്ക് പകൽ കണ്ണു കാണില്ലെന്ന് നിങ്ങൾക്കറിയില്ലെ? പകൽ ഇവിടെ തങ്ങിയിട്ട് രാത്രി നമ്മൾ തെക്കോട്ട് യാത്ര തിരിക്കും.' "എന്റെ നാട്ടിലൂടെയാകും യാത്ര, എനിക്ക് അറിയാവുന്ന ആരെങ്കിലുമാകുമോ ഈ പുതിയ യാത്രക്കാരൻ" തെക്കോട്ടാണ് യാത്ര എന്ന് കേട്ടതും വലിയ വട്ട കണ്ണട വെച്ച, ഈ യാത്രക്ക് മുൻപ് നിയമം പഠിക്കുകയായിരുന...