ടിക്കറ്റ്



"ഇത് തികച്ചും സാങ്കൽപ്പിക കഥയാണ് "


മരത്തടിയിൽ പണിത ആ ഭീമാകാരമായ കപ്പലിൽ ഒരുപാട് യാത്രക്കാരുണ്ടായിരുന്നു. സർവ്വ ജീവജാലങ്ങളെയും ഉൾക്കൊണ്ട നോഹയുടെ പേടകത്തോട് കിടപിടിക്കുന്നതാണ് ഈ കപ്പൽ. ഇതിലെ യാത്രക്കാർക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. മറ്റൊരാൾ എടുത്തു നൽകിയ ടിക്കറ്റുമായിട്ടാണ് അവർ ഈ യാത്ര ചെയ്യുന്നത്. ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും വെളിച്ചത്തിൽ മാത്രം സഞ്ചരിക്കുന്ന ഈ കപ്പൽ കൂമൻ കൂകുന്നിടത്തു കൂടെ എല്ലാം പോകാറുണ്ട്.  എങ്കിലും മുൻപ് പറഞ്ഞപോലെ മറ്റൊരാൾ നൽകിയ ടിക്കറ്റ് ഉണ്ടെങ്കിലേ ഈ നിശാഗന്ധി പൂക്കുന്ന ഗന്ധം ആസ്വദിച്ചുള്ള യാത്ര സാധ്യമാകു.
'നമ്മൾ ഇനി എങ്ങോട്ടാണ് പോകുന്നത്? ' യാത്രക്കാരിൽ ഒരാൾ, കറുത്ത വലിയ തൊപ്പി വച്ചിരിക്കുന്ന കപ്പിത്താനോട് ചോദിച്ചു. 
'എനിക്ക് പകൽ കണ്ണു കാണില്ലെന്ന് നിങ്ങൾക്കറിയില്ലെ? പകൽ ഇവിടെ തങ്ങിയിട്ട് രാത്രി നമ്മൾ തെക്കോട്ട് യാത്ര തിരിക്കും.'
"എന്റെ നാട്ടിലൂടെയാകും യാത്ര, എനിക്ക് അറിയാവുന്ന ആരെങ്കിലുമാകുമോ ഈ പുതിയ യാത്രക്കാരൻ" തെക്കോട്ടാണ് യാത്ര എന്ന് കേട്ടതും വലിയ വട്ട കണ്ണട വെച്ച, ഈ യാത്രക്ക് മുൻപ് നിയമം പഠിക്കുകയായിരുന്ന പെൺകുട്ടി മനസ്സിലോർത്തു. കുറച്ച് നാളുകൾക്ക് മുൻപേ ഒരു അതിഥി തൊഴിലാളി നൽകിയ ടിക്കറ്റിലാണ് ഈ പെൺകുട്ടിക്ക് കപ്പൽ യാത്ര സാധ്യമായത്. 
'അല്ല കപ്പിത്താനെ ആരാ ഈ പുതിയ യാത്രക്കാരൻ? നമ്മുടെ കപ്പൽ അവിടം വരെ പോകുമോ? ' 
പണ്ട് തന്റെ രൂപ സാദൃശ്യമുള്ളയാളുടെ കുറച്ച് ദൂരം സഞ്ചരിച്ചതിനു ലഭിച്ച ടിക്കറ്റിൽ യാത്ര തുടങ്ങിയ മനുഷ്യൻ ചോദിച്ചു. ടിക്കറ്റ് നൽകിയയാളെ നേരിൽ കാണുമെന്നും അയാളുടെ കയ്യിൽ പൊലീസോ കോടതിയോ എടുത്ത് കൊടുത്ത ടിക്കറ്റ് ഉണ്ടാകുമെന്നും അയാൾ ദിവാസ്വപ്നം കാണാറുണ്ടായിരുന്നു. 
'താൻ പ്രതീക്ഷിക്കുന്ന ആളല്ലെടോ, ഇതൊരു പയ്യനാ, അവന്റെ കളി കൂട്ടുകാരാ ടിക്കറ്റ് റെഡി ആക്കിയത്. പിന്നെ ഈ കപ്പൽ അതിലെ പോകുമോ എന്ന്!!! ഈ കപ്പൽ പോകാത്ത സ്ഥലമേതാ !!!!'
കപ്പലിൽ കൂട്ടച്ചിരി തുടങ്ങി, പക്ഷേ പല ചിരിയും ഞെരങ്ങലോടെയായിരുന്നു. 
ഒരു ഒറ്റകൈയ്യൻ ഈ യാത്രയിലേക്ക് തള്ളിവിട്ട പെൺക്കുട്ടി അബദ്ധത്തിൽ പോലും കപ്പലിന്റെ വശങ്ങളിലേക്ക് പോകാൻ ആഗ്രഹിച്ചില്ല. മകൻ നൽകിയ ടിക്കറ്റ് മറുകൈയ്യിൽ പിടിച്ച് നന്ദൻക്കോട് നിന്ന് യാത്ര തുടങ്ങിയ ദമ്പതികൾ കൈകോർത്ത് കപ്പലിലൂടെ നടക്കുന്നുണ്ടായിരുന്നു. താൻ അച്ഛനെന്നും അളിയെനെന്നും വിളിക്കാൻ ആഗ്രഹിച്ചവരുടെ ദുരഭിമാനത്തിൽ ഈ യാത്രയിലേക്ക് വലിച്ചെറിയപ്പെട്ട യുവാവിന്റെ മുഖത്ത് തന്റെ ഭാര്യയെ ഓർത്തുള്ള സങ്കടം തളം കെട്ടിനിൽക്കുന്നുണ്ടായിരുന്നു. പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും സംഭാവന നൽകിയ ടിക്കറ്റിൽ യാത്ര തുടങ്ങിയ ഒരുപാടുപേരുണ്ടായിരുന്നെങ്കിലും അവിടെ രാഷ്ട്രീയത്തിനു സാഹചര്യമില്ലായിരുന്നു. ഇവരിൽ നിന്നെല്ലാം ഒറ്റപ്പെട്ടു കൈകൾ കൂട്ടി കെട്ടിയ പോലെ പിടിച്ചു കണ്ണിൽ നിസ്സഹായതയും ഭയവും നിറഞ്ഞ മനുഷ്യൻ എപ്പോഴും ഇങ്ങനെ പറഞ്ഞു കൊണ്ടിരുന്നു 
'പൈച്ചിട്ടല്ലേ അംബ്രാ  മോട്ടിച്ചേ !!!'
മേഘങ്ങളിലൂടെ കേരളത്തിന്റെ പ്രകൃതി ഭംഗിക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോളും ഇതൊന്നും ആസ്വദിക്കാൻ സാധിക്കാതെ, കണ്ണ് തുറക്കും മുൻപ് ടിക്കറ്റ് കിട്ടിയ കുഞ്ഞുങ്ങൾ കപ്പലിൽ കിടന്നു വിങ്ങുന്നുണ്ടായിരുന്നു. പക്ഷേ ഇവർക്കു മാത്രം ടിക്കറ്റ് നൽകിയത് ആരെന്നു,  അമ്മയാണോ?  അച്ഛനാണോ?  അതോ ജീവൻ സംരക്ഷിക്കാൻ കടപ്പെട്ട ഡോക്ടറാണോയെന്നു വ്യകതമായിരുന്നില്ല.

                                           ✍️ ഫെബിൻ ജോസഫ് 

Comments

Popular posts from this blog

പ്രിയമുള്ള രവിക്ക്......

ദിവ്യഗർഭം

പിറന്നാൾ