കാഴ്ച്ച

                                     

നിലംപൊത്താറായ തന്റെ തറവാടിന്റെ  വരാന്തയിലിരുന്ന് പോൾ സാമുവേൽ എന്ന പോളച്ചൻ തരിശായി കിടക്കുന്ന പാടത്തേക്കു നോക്കി. ആ കണ്ണുകളിൽ കണ്ണീർ നിറഞ്ഞിരുന്നെങ്കിലും തെളിച്ചമുണ്ടായിരുന്നു.  അപ്പാപ്പന്റെ കാലത്ത് ആ ഗ്രാമത്തെ മുഴുവൻ ഊട്ടിയ ഹരിത കലവറ,  ഇന്ന് എല്ലാ ജൈവഊർജവും കുഴിച്ചുമൂടിയ ശവപ്പറമ്പായിരിക്കുന്നു. താൻ ഓടി കളിച്ച മുറ്റം റാൻ മുള്ളുകൾകൊണ്ടു കാട് പിടിച്ചിരിക്കുന്നു.  തന്റെ ബാല്യവും, കൗമാരവും യൗവനവുമാണ് ഈ കാടുപിടിച്ചു കിടക്കുന്നതെന്ന് തിരിച്ചറിവിൽ  അണപൊട്ടിയ കണ്ണുനീർ തടയാൻ കണ്ണുകൾ ഇറുക്കി അടച്ചു. 

പോൾ സാമുവേൽ നഗരത്തിലെ ഏറ്റവും തിരക്കുള്ള നേത്രരോഗവിദഗ്ദ്ധനാണ്. ദിനംപ്രതി ഒട്ടേറെപേർക്ക്  കാഴ്ചയിലെ പോരായ്മ പരിഹരിക്കുന്നവൻ. കുറച്ച് നാളായി തന്റെ കണ്ണിനും ചിലപ്പോൾ കാഴ്ച മറയുന്നതായി അയാൾക്ക് തോന്നി. മറ്റൊരു ഡോക്ടറെകൊണ്ട് പരിശോധിപ്പിക്കാൻ അയാളുടെ അഹന്ത അനുവദിച്ചില്ല. അയാൾ ആ മങ്ങിയ കാഴ്ചയോടെ മുന്പോട്ട് പോയി.  സാവദാനം പോളച്ചന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടു. ഒടുവിൽ മറ്റൊരു ഡോക്ടറുടെ അടുത്ത് പോകാൻ പോളച്ചൻ നിർബന്ധിതനായി. നഗരത്തിൽ നിന്നും കുറച്ച് ദൂരെയുള്ള തന്റെ ഒരു സുഹൃത്തിന്റെ ആശുപത്രിയിലേക്കാണ് അയാൾ പോയത്. 'എന്താ പോളെ കാഴ്ച പൂർണമായി നശിക്കുന്ന രോഗമാണെന്നറിഞ്ഞിട്ടും താൻ ഇതുവരെ കാത്തുനിന്നത്? തന്റെ പഴയ ഈഗോ പ്രോബ്ലം ഇപ്പോഴുമുണ്ടല്ലേ?'  സുഹൃത്തിന്റെ ചോദ്യങ്ങൾക്ക് മുന്നിൽ പോളച്ചൻ നിശബ്‌ദനായിരുന്നു. 
'ലിസി കൂടെ വന്നിട്ടുണ്ടോ?'
'ഇല്ല, ഞങ്ങൾ ഇപ്പോൾ seperated ആണ്.'
'ഈ കാശുണ്ടാക്കാനുള്ള ഓട്ടത്തിനടയിൽ നീ അവളെയും ഉപേക്ഷിച്ചോ? നിന്റെ കണ്ണിനു മാത്രമല്ല കാഴ്ച നഷ്ടപെട്ടത്... '
പോളച്ചൻ വീണ്ടും നിശബ്തനായി. 
'തന്റെ കൂടെ ഇപ്പോൾ ആരാ ഉള്ളത്?  താനെങ്ങനാ ഇങ്ങോട്ട് വന്നത്? '
'വീട്ടിൽ ജോലിക്കാരുണ്ട്, വണ്ടിക്ക് ഡ്രൈവറും. '
'താൻ എവിടുന്നേലും ഒരു ഹോം നഴ്സിനെ കണ്ടുപിടിക്ക്, അല്ലെങ്കിൽ ഞാൻ ഒരാളെ അങ്ങോട്ടേക്ക് അയക്കാമോ എന്ന്  നോക്കാം.  കുറഞ്ഞത് രണ്ടു മൂന്ന് മാസത്തെ ചികിത്സ എങ്കിലും വേണം. നീ ലിസിയോട് ഒന്ന് സംസാരിക്കു, അവൾ എന്തു മാത്രം നിന്നെ സ്നേഹിച്ചിരുന്നു എന്ന് കോളേജ് കാലം മുതൽ എനിക്കറിയാം.  നീ ഒന്ന് സംസാരിക്കു ഈ അവസ്ഥയിൽ അവളുടെ സാമിപ്യം നിനക്ക് നല്ലതാണ്. '
എല്ലാത്തിനും മറുപടി എന്നോണം പോളച്ചൻ ഒന്ന് മൂളി 
'മ്മ്മ്മ്.'
പോളച്ചൻ വീട്ടിലേക്കു മടങ്ങി. 
രണ്ട് ദിവസത്തിന് ശേഷം രാവിലെ പോളച്ചന്റെ വീട്ടിൽ ഡോക്ടർ പറഞ്ഞയച്ചതാണെന്നും ഹോം നഴ്‌സ്‌ ആണെന്നും പറഞ്ഞു ഒരു യുവതി വന്നു. 
'എന്താ നിന്റെ പേര്? നിനക്കെത്ര ശമ്പളം വേണം,  വേറെ എവിടെയെങ്കിലും ജോലിക്ക് നിന്നിട്ടുണ്ടോ? ' അയാളിൽ നിന്ന്  ചോദ്യശരങ്ങൾ പാഞ്ഞു. 
' ഞാൻ ഹെലൻ, മുൻപ് ഒരു retired ജഡ്ജിയുടെ വീട്ടിൽ ആയിരുന്നു. അവിടുന്ന് എനിക്ക് മാസം 25000 രൂപ കിട്ടുമായിരുന്നു. ഇവിടുന്നും അത്രയും പ്രതീക്ഷിക്കുന്നു ' അവൾ പറഞ്ഞു. 
അയാൾ സമ്മതഭാവത്തിൽ തലയാട്ടി. അവൾ ജോലിയിൽ പ്രവേശിച്ചതുമുതൽ അമ്മ കുഞ്ഞിനെ പരിചരിക്കുന്നതുപോലെ അയാളെ നോക്കി. 
'സാറിന്റെ കുടുംബം ഒക്കെ എവിടെയാ?  അവരാരും എന്താ സാറിനെ കാണാൻ വരാത്തത്? '
'എല്ലാവരും ഇവിടെയെല്ലാംതന്നെയുണ്ട് പക്ഷേ ആരും വരില്ല. എല്ലാം തെറ്റാണ്  ഞാൻ പണത്തിനു പുറകെ പോയപ്പോൾ എന്റെ കുടുംബത്തെ പിന്നിലാക്കി. നീണ്ട 12 കൊല്ലം പ്രണയിച്ച ഞാൻ ലിസിയെ വിവാഹം ചെയ്തതു  പക്ഷേ, അവളോട് എന്റെ അവസ്ഥ പറയാൻ എന്റെ ദുരഭിമാനം സമ്മതിക്കുന്നില്ല. എനിക്ക് 5 സഹോദരങ്ങളുണ്ട് അവരെയൊന്നും ഞാൻ അവരുടെ ദുരിതത്തിൽ സഹായിച്ചിട്ടില്ല, എന്റെ അപ്പന്റെ മരിച്ചടക്കിനുപോലും ഞാൻ പങ്കെടുത്തില്ല.'
അയാൾ കരയാൻ തുടങ്ങി. 
'എന്റെ അന്ന ടീച്ചർ എപ്പോഴും പറയും : മോളെ ഈ ലോകത്ത് നമ്മൾക്കു കാണാൻ സാധിക്കാതെ പോകുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ടാകും അത് ഓർത്ത് നമ്മൾ സങ്കടപെടേണ്ട കാര്യമില്ല, നമ്മൾ മനഃപൂർവം കാണാത്തതായി നടിക്കും അതും നമ്മൾ കാണേണ്ടിയിരുന്ന ചിലത്,  അത് നമ്മളെ വേട്ടയാടും മരണം വരെ ചിലപ്പോൾ അതിനു ശേഷവും. പക്ഷേ ഒരിക്കൽ തെറ്റ് തിരിച്ചറിഞ്ഞു ആ കാഴ്ച വീണ്ടും കാണാൻ ശ്രമിച്ചാൽ നമുക്ക് ആശ്വാസം ലഭിക്കും. സാർ ഒന്ന് മാഡത്തെ വിളിച്ചുനോക്ക് മാഡം തിരിച്ചു വരും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. സാറിന്റെ സഹോദരങ്ങളെ സാറിന് ഇനിയും സഹായിക്കാമല്ലോ. സാറിന്റെ അപ്പന്റെ കല്ലറയിൽ പോയി ഒന്ന് മാപ്പ് പറഞ്ഞാൽ അപ്പൻ പൊറുക്കും എന്ന് എനിക്ക് ഉറപ്പാണ് '
അയാൾ അപ്പോഴും കരയുകയായിരുന്നു. 
'ഈ നഗരത്തിലെ ഏറ്റവും പ്രഗത്ഭനായ നേത്രരോഗവിദഗ്ദ്ധനായിരുന്നു ഞാൻ പക്ഷേ എനിക്ക് എന്റെ കാഴ്ച്ച നഷ്ടപ്പെട്ടു. അതിനും ഒരുപാട് മുൻപേ എന്റെ കുടുംബവും '
'എന്റെ ടീച്ചർ ഒരിക്കൽ പറഞ്ഞിട്ടുണ്ട് : ഒരിക്കൽ ഉണ്ടായിരുന്ന ഒന്ന് നഷ്ടപെടുമ്പോളാണ് മനുഷ്യന് സങ്കടം ഉണ്ടാകുന്നത്. ഒരിക്കലും ഇല്ലാതിരുന്ന ഒന്നിനെകുറിച്ചു മനുഷ്യന് സങ്കടപെടില്ല. നഷ്ടപെട്ടത് തിരിച്ചു കിട്ടുമ്പോളുണ്ടാകുന്ന സന്തോഷത്തെക്കുറിച്ച് ബൈബിളിൽ  എത്ര ഭംഗിയായി പറഞ്ഞിട്ടുണ്ട്. നഷ്ടപ്പെടുന്നത് ചിലപ്പോൾ ഒരു വ്യക്തിയാകാം, ഒരു വസ്‌തുവാകാം ചിലപ്പോൾ ഒരുപാട് സന്തോഷിച്ച ഒരു സാഹചര്യം ആകാം.  ഇത് മനസിലാക്കി തിരിച്ചു പിടിക്കാൻ ശ്രമിച്ചാൽ സങ്കടപെടേണ്ടി വരില്ല '
'നിന്റെ ടീച്ചർ നിനക്ക് ഒരുപാട് കാര്യങ്ങൾ പറഞ്ഞു തന്നിട്ടുണ്ടല്ലോ!!!'
'ഞാനും അന്ധയായിരുന്നു, തകർന്നു പോയവളായിരുന്നു  എന്നെ ഉയർത്തികൊണ്ടുവന്നത് ഈ ടീച്ചർആണ്. സാറിന് എല്ലാം തിരിച്ചു കിട്ടും. അടുത്ത ആഴ്ചയല്ലേ ഓപ്പറേഷൻ പറഞ്ഞിരിക്കുന്നത് സാർ മാഡത്തെ വിളിക്ക് മാഡം സാറിന്റെ കൂടെയുണ്ടാകും.'
അയാൾ സമ്മതിച്ചു എന്നമട്ടിൽ തലയാട്ടി. 
അങ്ങനെ ഓപ്പറേഷന്റെ ദിവസം വന്നു. ഓപ്പറേഷൻ തീയേറ്ററിന്റെ മുന്നിൽ ലിസിയും പോളച്ചന്റെ സഹോദരങ്ങളും ഉണ്ടായിരുന്നു. 
ഓപ്പറേഷൻ വിജയമായിരുന്നു. ഒരാഴ്ചക്കാലം കൂടെ ആശുപത്രിയിൽ ചിലവഴിച്ചു പോളച്ചൻ വീട്ടിലേക്ക് പോകാൻ തയാറായി. അയാൾ സുഹൃത്തിന്റെ അടുത്തേക്ക് ചെന്നു.  
'ഞാൻ നിന്നോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. എനിക്ക് എന്റെ കാഴ്ച്ച മാത്രമല്ല നഷ്ടപ്പെട്ടുപോയ പ്രിയപെട്ടവരെയും തിരിച്ചു കിട്ടി. നിന്നോടും  ഹെലനോടുമാണ് ഞാൻ അതിനു കടപ്പെട്ടിരിക്കുന്നതു  എനിക്ക് ഹെലന്റെ വീട് എവിടെയാണെന്ന് അറിയണം നിന്റെ കയ്യിൽ അവളുടെ നമ്പർ ഉണ്ടോ? '
'ഏതു ഹെലൻ?  നീ ആരുടെ കാര്യമാ ഈ പറയുന്നേ? '
'നീ എന്റെ വീട്ടിലേക്ക് അയച്ച ഹോം നഴ്സിന്റെ കാര്യം, ഹെലൻ '
'അന്ന് ഞാൻ നോക്കാം എന്ന് പറഞ്ഞത് ശരിയാ പക്ഷേ, ആരെയും കിട്ടിയില്ല എന്ന് നിന്നെ ഞാൻ അറിയിച്ചതാണല്ലോ. നിനക്ക് ചുമ്മാ തോന്നിയതായിരിക്കും'
പോളച്ചൻ ഹെലൻ പറഞ്ഞതോർത്തു 
'സാറിന് കാഴ്ച്ച കിട്ടി കഴിയുമ്പോൾ സാർ നഷ്ടപെട്ടതെല്ലാം തിരിച്ചു പിടിക്കണം. സാർ വളർന്ന വീട് നിലംപതിക്കാറായി എന്നല്ലേ പറഞ്ഞെ അത് പഴേത് പോലെ ആക്കണം. ഇനിയും വായിച്ചു തീരാത്ത പുസ്തകം ഉണ്ടന്നല്ലേ പറഞ്ഞെ അത് വായിച്ചു തീർക്കണം. എല്ലാം മുൻപത്തെ പോലെയാകണം.'
സുഹൃത്തിനോട് നന്ദി പറഞ്ഞ് ലിസിയെയും കൂട്ടി പോളച്ചൻ വീട്ടിലേക്ക് പോയി. 
ലിസിയെ വീട്ടിൽ ഇറക്കി തന്റെ അപ്പന്റെ കുഴിമാടത്തിൽ പോയി മാപ്പ് ചോദിച്ചു തറവാട്ടിലേക്ക് പോയി. തന്റെ മുറിയിലെ അലമാരയിൽ പൊടി പിടിച്ചിരുന്ന താൻ പാതി വായിച്ച പുസ്തകവുമായി പോളച്ചൻ വരാന്തയിൽ ചെന്നിരുന്നു. 

നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു, പോൾ സാമുവേൽ ആ പുസ്തകം തുടക്കം മുതൽ വായിക്കാൻ തുടങ്ങി. അത് ഹെലൻ കെല്ലർ എഴുതിയ light in my darkness  എന്ന പുസ്തകമായിരുന്നു. 

                                       ✍️ഫെബിൻ ജോസഫ് 

Comments

Popular posts from this blog

പ്രിയമുള്ള രവിക്ക്......

ദിവ്യഗർഭം

പിറന്നാൾ