ദേജാ വു
"എന്താ രവി ഈ സ്വപ്നം കാണണേ? പുതിയ കഥ എഴുതുന്നതിനെക്കുറിച്ചാണോ? ദേ അത് കണ്ടോ! അവിടെയാണ് നമ്മൾ ഇന്ന് ചിലവഴിക്കുന്നത്. രവി ആദ്യം കണ്ണ് തുറന്ന് കാഴ്ചകൾ കാണു അപ്പോളല്ലേ ജീവസുറ്റ കഥകൾ എഴുതാൻ കഴിയൂ."
ഡ്രൈവിങ്ങിൽ ശ്രദ്ധ പതറാതെ പത്മിനി പറഞ്ഞു നിറുത്തി.
രവി മുന്നിൽ തെളിഞ്ഞു വന്ന, പച്ചപ്പ് നിറഞ്ഞ താഴ്‌വാരത്തെ ആശ്ചര്യത്തോടെ നോക്കി. താൻ ഒരു സ്വപ്നലോകത്തെത്തിയതുപോലെ അയാൾ അത്ഭുതം കൂറി. രവി, കുറഞ്ഞ വർഷങ്ങൾക്കൊണ്ട് സാഹിത്യലോകത്തു തന്റെതായ സ്ഥാനം നേടിയെടുത്ത എഴുത്തുക്കാരൻ. ഒരു ക്യാൻവാസിൽ എന്നപോലെ, അക്ഷരങ്ങൾ കൊണ്ട് ജീവിത ചിത്രങ്ങൾ വരച്ചെടുത്ത കഥാകാരൻ. ഒരു സാഹിത്യസദസ്സിൽവെച്ച് പത്മിനിയെ പരിചയപ്പെട്ടതും, പിന്നീടെപ്പോളോ പ്രണയത്തിൽ വീണതും, ഒടുവിൽ തന്നെക്കാൾ പ്രായം കൂടിയ പത്മിനിയെ തന്നെ വിപ്ലവകരമായി വിവാഹം ചെയ്തതും, അയാളുടെ തന്നെ വരികളിൽ അനുവാചകരിലേക്കെത്തി. പക്ഷേ ഇപ്പോൾ സ്ഥിതി അൽപ്പം മോശമാണ്. പ്രശസ്തമായ മാഗസിനുകളിൽ ഒരു കഥ അച്ചടിച്ചു വന്നിട്ട് നാളുകൾ ഏറെയായി. മുൻപ് പച്ചയായ ജീവിതത്തിന്റെ ഗന്ധമുണ്ടായിരുന്ന രവിയുടെ കഥകൾക്ക് ഇന്ന് അത് നഷ്ടമായിരിക്കുന്നു. ബഹുനില കെട്ടിടത്തിലെ നാലു ചുവരുകൾക്കുള്ളിൽ നിന്നും എഴുതാൻ എന്ന പേരിൽ പുക പുറംതള്ളുന്നതല്ലാതെ, പുതിയ കഥകളിൽ രവിയുടെ നിഴൽ പോലും കാണാനില്ലായിരുന്നു. പത്മിനിയാണ് ഈ യാത്ര ക്രമീകരിച്ചത്. നഗരജീവിതത്തിന്റെ തിരക്കുകൾ ഇല്ലാതെ, പ്രകൃതിയുടെ മടിത്തട്ടിൽ ആശ്വാസം തേടിയുള്ള ഒരു പലായനം. രവി പുറത്തോട്ട് നോക്കിയിരുന്നു. നേരം വെളുത്തു തുടങ്ങിരുന്നു, അങ്ങിങായി ചെറിയ ചായ കടകൾ തെളിഞ്ഞു വന്നു. ഒരു ചായക്കടയുടെ മുൻപിൽ പത്മിനി വണ്ടി നിറുത്തി. എഴുപതിനോട് അടുത്ത് പ്രായമുള്ള ഒരു അമ്മച്ചിയുടെ കടയാണ്. ഇന്നും പുറംപോക്കിൽ ജീവിച്ചു വരുന്ന പാവം. രവി ചിലകാര്യങ്ങൾ തന്റെ ഡയറിയിൽ കുറിച്ചുവെച്ചു. ഓരോ ചായ കുടിച്ച് അവർ വണ്ടിയിലേക്ക് കയറി. രവി വണ്ടി ഓടിക്കാമെന്ന് പറഞ്ഞു. പത്മിനി രവിയുടെ ഡയറി എടുത്ത് മറിച്ചു നോക്കി. ആ ചെറിയ കടയുടെ ഒരു ചിത്രമാണ് അയാൾ അതിൽ വരച്ചിട്ടത്. അവർ മലയടിവാരത്തു വണ്ടി നിറുത്തി. കുറച്ചു ദൂരം നടക്കാനുണ്ട്. പരവതാനി പോലെ പുല്ല് വളർന്നിരുന്ന ആ വഴിയിൽ കൂടെ അവർ പതിയെ മുകളിലേക്ക് നടന്നു. മണ്ണിൽ പതിക്കാൻ മടിച്ചു പുല്ലിന് തുമ്പിനെ വാരിപ്പുണർന്നു നിക്കുന്ന മഞ്ഞിൻ തുള്ളികൾ അവരുടെ പ്രണയകാലത്തിന്റെ മധുരമായ നിമിഷങ്ങളെ ഓർമിപ്പിച്ചു. വഴിയരുകിൽ തേൻ നെല്ലിക്കയും പേരക്കയും, കമ്പിളി നാരങ്ങയും വിൽക്കാൻ നിൽക്കുന്ന കുട്ടികളെ കണ്ടപ്പോൾ രവിയുടെ ഓർമ ചെറുപ്പത്തിൽ വേനൽ അവധിക്ക് കൂട്ടുക്കാരോട് ചേർന്ന് നടത്തിയ മിട്ടായി കടയുടെ മുൻപിൽ ചെന്ന് നിന്നു. അന്ന് അത് വിനോദമായിരുന്നെങ്കിൽ ഇവർക്കിന്നിതു ജീവിതമാർഗമായിരിക്കാം. രവി ഡയറി എടുത്ത് എന്തോ വരച്ചിട്ടു. കുന്നിന്റെ നെറുകയിൽ എത്തിയ രവിക്ക് സ്വർഗത്തിലേക്ക് ഇനി കുറഞ്ഞ ദൂരമേ ഒള്ളു എന്ന തോന്നാലുണ്ടായി. ഞാനിനി സ്വർഗ്ഗവും കടന്നു മുകളിലെത്തിയോ എന്ന് പത്മിനിയോടെ കിന്നാരം പറഞ്ഞു. കോടമഞ്ഞിന്റെ വെളുത്ത പുതപ്പിന്റെ മുകളിൽ അവർ നിന്നു. ദൂരെ നിന്നും ഒരു സ്ത്രീ രവിയെ തന്നെ നോക്കി നിൽപ്പുണ്ടായിരുന്നു.
"രവിയുടെ ഏതോ ആരാധിക ആണെന്ന് തോന്നുന്നു കുറച്ചു നേരമായി രവിയെ തന്നെ നോക്കി നിൽക്കുന്നു "
പത്മിനി പറഞ്ഞു തീർന്നതും രവി പതുക്കെ തിരിഞ്ഞുനോക്കി.
"ഇന്ദു, എന്നെ ആദ്യമായി എഴുതാൻ പ്രേരിപ്പിച്ച, എനിക്ക് ഒരുപാട് പുസ്തകൾ തന്ന, എന്റെ മാത്രമാകണം എന്ന് ഞാൻ തീരുമാനിച്ച ഇന്ദു."
"രവിയുടെ ആ കഥയിലെ നായിക?"
"അതേ, എന്റെ ഹൃദയത്തിൽ ഒരു വലിയ മുറിവുണ്ടാക്കിയ ആ വേർപിരിയൽ "
ഇന്ദു അവരുടെ അടുത്തേക്ക് വന്നു.
"രവിയേട്ടാ, സുഖായിട്ടിരിക്കുന്നോ? ഇതാണല്ലേ പത്മിനി. ഏട്ടനെക്കുറിച്ചു ഞാൻ വായിക്കാറുണ്ട്. എല്ലാ കഥകളും പുസ്തകങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. പലപ്പോഴും ഒരു കത്തെഴുതണം എന്ന് വിചാരിക്കും. പിന്നീട് ആ ശ്രമം ഉപേക്ഷിക്കും. രവിയേട്ടൻ പോയതോടെ എന്റെ ഉള്ളിലെ അക്ഷരങ്ങളും നഷ്ടപ്പെട്ടതുപോലെ "
ഇന്ദുവിന്റെ വാക്കുകൾക്ക് മുന്നിൽ രവിക്ക് പറയാൻ ഒന്നും ഉണ്ടായിരുന്നില്ല.
" ഇന്ദു ഇനിയും എഴുതണം, കുറഞ്ഞവാക്കിൽ ഒരു മായാപ്രപഞ്ചം സൃഷ്ടിക്കുന്ന കവിതകൾ. "
മറുപടി പറയാതെ ഇന്ദു തിരിഞ്ഞ് നടന്നു.
ഇന്ദുവിന്റെ കണ്ണുകളിലെ ദയനീയത രവിയെ അസ്വസ്ഥമാക്കി.
എത്രയും വേഗം മടങ്ങി പോകാൻ രവി ആഗ്രഹിച്ചു.
പത്മിനി രവിയെകൂട്ടി മറ്റൊരിടത്തേക്ക് നടന്നു. അവിടെ മനോഹരമായ ഒരു പൂന്തോട്ടമായിരുന്നു. വിടർന്നു തുടങ്ങുന്ന പൂക്കളും, പൂമോട്ടുകളിലെ മഞ്ഞുതുള്ളികൾ സൂര്യകിരണമേറ്റ് മുത്തുപോലെ തിളങ്ങിയിരുന്നു. ഒരു പെൺകുട്ടി അവിടെ ചിത്രം വരക്കുന്നുണ്ടായിരുന്നു. വിരിഞ്ഞു തുടങ്ങുന്ന മനോഹരമായ ഒരു പൂവും അതിനോട് ചേർന്ന് പാറി നിൽക്കുന്ന ഒരു ചിത്രശലഭവും. പക്ഷേ ആ ചിത്രശലഭത്തിന്റെ കണ്ണിൽ നിന്നും ചുവന്ന കണ്ണുനീർ പൊഴിയുന്നുണ്ടായിരുന്നു. ക്യാൻവാസിന്റെ ഒരു ഭാഗത്തു കത്രിക പൂവിനെ അറുത്തെടുക്കാൻ എന്ന പോലെ നിൽക്കുന്നത് രവി കണ്ടു.
"എന്താ രവി ഈ സ്വപ്നം കാണണേ? പുതിയ കഥ എഴുതുന്നതിനെക്കുറിച്ചാണോ? ദേ അത് കണ്ടോ! അവിടെയാണ് നമ്മൾ ഇന്ന് ചിലവഴിക്കുന്നത്. രവി ആദ്യം കണ്ണ് തുറന്ന് കാഴ്ചകൾ കാണു"
പത്മിനി രവിയെ എഴുന്നേൽപ്പിച്ചു.
രവി മുന്നിൽ തെളിഞ്ഞു വന്ന, പച്ചപ്പ് നിറഞ്ഞ താഴ്‌വാരത്തെ ആശ്ചര്യത്തോടെ നോക്കി,
പതുക്കെ പറഞ്ഞു
"ദേജാ വു"
✍️ഫെബിൻ ജോസഫ്
Comments
Post a Comment