അടച്ചിട്ട മുറി


ആ മരണവാർത്ത അവനെ വല്ലാതെ തളർത്തിയിരുന്നു, അവന്റെ കണ്ണുകൾ താണ് പോയിരുന്നു. ആ അവശതയിലും അവനുറങ്ങാൻ സാധിക്കാത്തതിന് കാരണം ഉടനെ അവൻ ചെയ്യാൻ സാധ്യതയുള്ള കൊലപാതകത്തെകുറിച്ച് ഓർമ ഉള്ളത്കൊണ്ടാണ്.  അവൻ പതിയെ കണ്ണ് തുറന്ന് ആ ഇരുണ്ട മുറിയിൽ ഇരുന്നു.  ആ മുറിയിലെ ജനലുകൾ തുറന്നിട്ടില്ലായിരുന്നു വാതിൽ പുറത്ത് നിന്ന് പൂട്ടിയിരുന്നു. അവൻ  ആ കട്ടിലിൽ നിസ്സഹായനായിരുന്നു. പെട്ടന്ന് അവനു സുപരിചിതനായ ഒരാൾ മുറിയിലെക്ക് കയറി വന്നു. "നീ അവനെ കൊല്ലാൻ തന്നെയാണോ ഉദ്ദേശം? അതുകൊണ്ട് നിനക്കെന്താ ഉപകാരം?" അഥിതിയുടെ ശബ്ദം പരുഷമായി. അവൻ നോക്കി പുഞ്ചിരിക്കുക മാത്രം ചെയ്തു. അതിഥി വാക്കുകൾകൊണ്ട് ആക്രമണം തുടർന്ന് കൊണ്ടേയിരുന്നു. "അവൻ മരണം അർഹിക്കുന്നു, കാരണം അവൻ കാഴ്ച ഉണ്ടായിട്ടും കാണാത്തവനും ഒന്നും മനസിലാക്കാത്തവനുമായിരുന്നു " മറ്റൊരു സുഹൃത്തുകൂടെ ആ മുറിയിൽ എത്തിയിരുന്നു. "അവൻ മരിക്കേണ്ടവന് തന്നെയാണ് " തന്റെ അഭിപ്രായം അവൻ  പറഞ്ഞു. അവൻ അപ്പോഴും കട്ടിലിൽ ഇരിക്കുകയായിരുന്നു, അവൻ വളരെ ബുദ്ധിമുട്ടി എഴുന്നേൽക്കാൻ ശ്രെമിച്ചു,  അതിഥികൾ രണ്ടു പേരും അത് നോക്കി നിന്നു.  അവൻ പയ്യെ നടന്നു  ജനലിന്റെ അരികിൽ എത്തി പുറത്തു  നല്ല മഴയുണ്ടായിരുന്നു, അവൻ മഴ കാണാൻ വേണ്ടിയാണ് ജനലിന്റെ അരികിൽ എത്തിയത്. കുറെ കാലമായി അടഞ്ഞു കിടന്നത്കൊണ്ടും അവൻ തീരെ അവശനായിരുന്നതുകൊണ്ടും ഏറെ പണിപ്പെട്ടാണ് അവൻ ജനൽ തുറന്നത്. പക്ഷേ മഴ പെയ്യുന്നുണ്ടായിരുന്നില്ല, ഒരു മരണത്തിന്റെ യാതൊരു സങ്കടവും ആ പരിസ്ഥിതിയിൽ ഉണ്ടായിരുന്നില്ല. നാളുകൾക്ക് ശേഷം ആ മുറിയിൽ വെളിച്ചം കടന്ന് വന്നു. അവനു ആ മുറിയുടെ പുറത്തു കിടക്കാൻ ആഗ്രഹം ഉണ്ടായി പക്ഷേ ആ വാതിൽ അടച്ചിരുന്നത് പുറത്തു നിന്നായിരുന്നു. അവൻ വീണ്ടും ആ കട്ടിലിൽ ചെന്നിരുന്നു.അവൻ മരിക്കും, എല്ലാവരെയും പോലെ മരിക്കാൻ സമയം ആകുമ്പോൾ  അല്ലാതെ നീ  അവനെ കൊല്ലില്ല അതിനു ഞാൻ സമ്മതിക്കില്ല." ആദ്യം വന്നവൻ പറഞ്ഞു. "നിന്റെ സമ്മതം ആർക്കുവേണം ഇവൻ അവനെ കൊല്ലും ഇവന്റെ കൂടെ ഞാൻ ഉണ്ടാകും അവൻ കൊല്ലപ്പെടെണ്ടവന്  തന്നെയാണ്, അത് ചെയ്യാൻ ഇവനോളം യോഗ്യതയുള്ള ആരും തന്നെയില്ല. " രണ്ടാമത്തെ അതിഥിയുടെ ശബ്ദം ഉയർന്നു. ഒന്നാമൻ അവന്റെ മുഖത്ത് ദയനീയമായി നോക്കി, അവന്റെ കണ്ണുകൾ അപ്പോഴും വലിയ കുഴിയിൽ അകപെട്ട എന്തോ അതിൽ നിന്നും രക്ഷപെടാൻ ശ്രെമിക്കുന്നപോലെ ചലിക്കുന്നുണ്ടായിരുന്നു. അവൻ അപ്പോഴും നിശബ്ദനായിരുന്നു. എങ്ങനെ ആ മുറിയുടെ പുറത്ത് പോകാം എന്നായിരുന്നു അവന്റെ ചിന്ത മുഴുവൻ അപ്പോഴാണ് മുറിയിലുള്ള തന്റെ അതിഥികളെകുറിച്ച്  അവൻ ഓർത്തത്. "നിങ്ങൾ എങ്ങനെ ആണ് ഈ മുറിയിൽ കയറിയത് നിങ്ങളുടെ കയ്യിൽ ഈ മുറിയുടെ താക്കോൽ ഉണ്ടോ? " അവൻ ഒന്നാമനു നേരെ നോക്കി. "നീ അല്ലെ എനിക്ക് വാതിൽ തുറന്നുതന്നത് എന്നെ വിളിച്ചു അകത്തു കയറ്റിയത്" ഒന്നാമൻ പറഞ്ഞു.  അത് വിശ്വസിക്കാതെ അവൻ രണ്ടാമനെ നോക്കി. "നീ തന്നെയാണ് എന്നെയും വിളിച്ചതു, വാതിൽ തുറന്നു തന്നത്" രണ്ടാമനും പറഞ്ഞു. "അതിനു ഈ വാതിൽ പുറത്ത് നിന്നല്ലേ പൂട്ടിയിരിക്കുന്നതു ഞാൻ എത്ര നാളായി ഇവിടെ ഒറ്റപെട്ടിട്ടു." അവൻ പറഞ്ഞു. "അതിനു ഈ മുറി പുറത്തുനിന്നും പൂട്ടാൻ പറ്റില്ലല്ലോ ഈ വാതിൽ അകത്തു നിന്നു മാത്രമേ പൂട്ടാൻ പറ്റു അതും നിനക്ക് മാത്രം. കാരണം ഈ വാതിലിന്റെ  താക്കോൽ നിന്റെ കണ്ണുകൾ ആണല്ലോ നിനക്ക് മാത്രമെ ഇത് തുറക്കാനും അടക്കാനും സാധിക്കു" അതിഥികൾ രണ്ടുപേരും ചേർന്ന് പറഞ്ഞു. അവൻ ആ വാതിലിനു നേരെ നടന്നു അവൻ കണ്ണുകൾ അടച്ചു പിന്നെ പയ്യെ തുറന്നപ്പോൾ അവൻ ആ മുറിയുടെ പുറത്തായിരുന്നു.അപ്പോൾ അവന്റെ കഴുത്തിൽ  ഒരു കത്തി മുറിപെടുത്താൻ പാകത്തിന് പിടിച്ചിരുന്നു, ആ കത്തി അവന്റെ കയ്യിൽ തന്നെ ആയിരുന്നു. ആ അതിഥികൾ അപ്പോഴും അവിടെ ഉണ്ടായിരുന്നു. "അരുത് കൊല്ലരുത് നീ ജീവിക്കു ഇത്ര ചെറുപ്പത്തിൽ എന്തിനു സ്വയം കൊല്ലണം" ഒന്നാമൻ പറഞ്ഞു. "നീ കൊല്ലപ്പെടണം നീ എന്തിനാണ് ജീവിക്കുന്നത് ജീവിതം മനസിലാക്കാൻ നിനക്ക് ഒരുപാട് അവസരം ലഭിച്ചു, എന്നിട്ടും മനസിലാക്കാത്ത നീ കൊല്ലപ്പെടണം നിന്റെ കൈകൾ കൊണ്ടുതന്നെ." രണ്ടാമൻ കൂടുതൽ ഉച്ചത്തിൽ പറഞ്ഞു. ഒന്നാമൻ കണ്ണുകൾ അടച്ചു നിന്നു,  കത്തി അപ്പോഴും അവന്റെ കഴുത്തിൽ തന്നെയായിരുന്നു. പെട്ടന്ന് വലിയ ശബ്‌ദത്തിൽ ഒരു  അലർച്ച കേട്ട് ഒന്നാമൻ കണ്ണ് തുറന്നു. രണ്ടാമൻ നിലത്ത് കിടക്കുന്നതും അവന്റെ നെഞ്ചിൽ ആ കത്തിയും കണ്ടു, അവനൊരു കറുത്ത വസ്ത്രമായിരുന്നു ധരിച്ചിരുന്നതു. അവൻ അപ്പോഴേക്കും പൂർണമായി അവശതയിൽ വീണിരുന്നു.  ആ രണ്ടു അതിഥികൾക്കും അവന്റെ അതെ ഛായായിരുന്നു. ഒന്നാമൻ പക്ഷേ ധരിച്ചിരുന്നത് ഒരു വെള്ള വസ്ത്രമായിരുന്നു. അവന്റെ കണ്ണുകൾ പതുക്കെ അടഞ്ഞു തുടങ്ങി അവൻ ആ അടച്ചിട്ട മുറിയിൽ നിന്നും പുറത്തു വന്നു സ്വാതന്ത്ര്യം ആസ്വദിക്കുകയായിരുന്നു. ആ മുറിയുടെ വാതിലും ജനലുകളും ഇപ്പോൾ തുറന്നു കിടക്കുകയായിരുന്നു. അപ്പോഴും മഴ പെയ്യുന്ന ശബ്ദം അവൻ കേൾക്കുന്നുണ്ടായിരുന്നു, പക്ഷേ അതിന്റെ തീവ്രത കുറഞ്ഞുകൊണ്ടിരുന്നു.

✍🏼ഫെബിൻ ജോസഫ്

Comments

Popular posts from this blog

പ്രിയമുള്ള രവിക്ക്......

ദിവ്യഗർഭം

പിറന്നാൾ