മാലാഖമാർ


സമരപന്തലിന്റെ മുൻപിൽ  മാലാഖമാരുടെ അവകാശത്തെക്കുറിച്ച് നേതാവിന്റെ പ്രസംഗം നടന്നുകൊണ്ടിരിക്കുമ്പോളാണ് ആശുപത്രിയിലേക്ക് ambulance അതിവേഗം പാഞ്ഞെത്തിയത് . സമരപന്തലിലെ മാലാഖമാരുടെ തളർന്നകണ്ണുകൾ ambulanceനെ പിൻതുടർന്നിരുന്നു .രക്തപങ്കിലമായ സ്കൂൾ യൂണിഫോം ധരിച്ച കുട്ടികൾ ആയിരുന്നു ആ വാഹനത്തിന്റെ പിൻ വാതിലിലൂടെ പുറത്ത് വന്നത് . ആദ്യത്തെ കുട്ടിയെ കണ്ടതും സമരപന്തലിലെ പിൻനിരയിൽ നിന്നും ഒരു മാലാഖ ആശുപത്രി ലക്ഷ്യമാക്കി ഓടി പുറകെ ഒരുപാട് മാലാഖമാരും. ആശുപത്രിയിലേക്ക് തുടരെ വാഹനങ്ങൾ വന്നുകൊണ്ടിരുന്നു. തങ്ങളുടെ അവകാശങ്ങൾ മറന്ന് കർത്തവ്യങ്ങൾ നിറവേറ്റാൻ മാലാഖമാർ തീരുമാനിച്ചു. ആശുപത്രിയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയത്തിലെ കുട്ടികൾ ആണ്. അറവുമാടുകൾക്ക് സംരക്ഷണം ലഭിക്കുമ്പോൾ ഇവരെ'മനുഷ്യരെ' കൊണ്ടു പോകുന്നതുപോലെ കുത്തിനിറച്ച് കൊണ്ടു പോകുന്നതും അമിതവേഗതയും തന്നെയാണ് അപകടത്തിനു കാരണം. ആശുപത്രി ബഹളമയമായി എങ്ങും തേങ്ങലുകളും  നിലവിളികളും ഉയർന്നു. ആശുപത്രിയുടെ മുക്കിലും മൂലയിലും മാലാഖമാർ ഓടി നടന്നു. കുട്ടികളെ പരിചരിച്ചു ,ആശ്വസിപ്പിച്ചു ,കൂടെ നിന്നവർക്ക് ധൈര്യം കൊടുത്തു, അവരുടെ കൂടെപിറപ്പുകളൊ മക്കളൊ അല്ല, പക്ഷേ കരകവിഞ്ഞ് ഒഴുകുന്ന കാരുണ്യം കൊണ്ട് അവർ എല്ലാവരെയും സഹോദരും മാതാപിതാക്കളും ആക്കി. ആശുപത്രിയിലെ രംഗം ഏറെകുറെ ശാന്തമായി. ആദ്യം ഓടി എത്തിയ മലാഖ തളർന്ന് പോയിരുന്നു. മൂന്ന് ദിവസമായി നിരഹാരമിരിക്കുന്നിടത്ത് നിന്നാണ് ഓടി വന്നത്. മാലാഖയുടെ കണ്ണുകൾ ക്ഷീണത്താൽ അടഞ്ഞു ,ചിന്ത പതുക്കെ തന്റെ പഠനകാലത്തേക്ക് പോയി......
                           *********
നാട്ടിലെ ബാങ്കിലെ നീണ്ട വരിയിൽ പ്ലസ്ടു പഠനം കഴിഞ്ഞിറങ്ങിയ താനും സ്ഥാനം പിടിച്ചിരിക്കുന്നു സാമ്പത്തികമായി ഞെരുക്കത്തിൽ ആയ കുടുംബത്തിലെ മൂത്ത മകൾ . തന്റെ താഴെ വളർന്ന് വരുന്ന സഹോദരങ്ങൾ, അവർക്ക് പഠിക്കാൻ ഞാൻ എത്രയും വേഗം ജോലി നേടിയെ പറ്റു. 'ഭൂമിയിലെ ജീവിക്കുന്ന മാലാഖ' ഇതിൽ കൂടുതൽ ഒന്നും വേണ്ടായിരുന്നു തന്നെ ഈ സേവനത്തിലേക്ക് തിരിച്ച് വിടാൻ. ഇതിപ്പോ രണ്ടാമത്തെ വരവാണ് ഇപ്രാവശ്യം ലോൺ ശരിയാകും എന്നാണ് പറഞ്ഞത്. എന്തായാലും ഏറെ വിയർക്കാതെ ലോൺ കിട്ടി ,അല്ലേലും തിരിച്ചടക്കാൻ ആണല്ലോ വിയർക്കേണ്ടി വരുക. അങ്ങനെ ഒരു ശരാശരി പെൺകുട്ടിയെപോലെ നഴ്സിംഗ് പഠനത്തിനായി ഞാനും കർണ്ണാടകത്തിലേക്ക് വണ്ടി കേറി. നാലു വർഷങ്ങൾ പെട്ടന്ന് കടന്നു പോയി. ലോൺ തിരിച്ചടവ് ആരംഭിക്കാൻ ഓർമ്മിപ്പിച്ച് കത്ത് വന്നു. ഉടനെ ജോലി കിട്ടിയെങ്കിലും തുച്ഛമായ ശമ്പളവും ലോണിന്റെ പലിശയും അപരിചിതരായി പെരുമാറി. ഇതിപ്പോ ആറാമത്തെ ആശുപത്രിയാണ്, ദൈവത്തിന്റെയും വിശുദ്ധരുടെയും പേരിലുള്ള ആശുപത്രിയിൽ ജോലി ചെയ്തു. മാലാഖമാരെക്കാൾ എന്തുകൊണ്ടും മുകളിൽ ആണല്ലോ ദൈവങ്ങൾ അതു കൊണ്ടാകും മാലാഖമാർക്ക് പരിഗണന ലഭിക്കാത്തത്. ചേച്ചി എന്ന വിളി കേട്ടാണ് മാലാഖ ഉണർന്നത്, വലുതാകുമ്പോൾ ഞാനും ചേച്ചിയെ പോലെ മാലാഖയാകും. വേണ്ട മോളെ എന്നു പറയണം എന്നുണ്ടെങ്കിലും ശബ്ദം പുറത്ത് വന്നില്ല, മാലാഖ ഒന്നു പുഞ്ചിരിച്ചു...........
പിന്നിലുണ്ടായിരുന്നവർ പോയതറിയാതെ നേതാവ് അപ്പോളും പ്രസംഗിച്ചുകൊണ്ടിരുന്നു................
                     ഫെബിൻ ജോസഫ്

Comments

Popular posts from this blog

പ്രിയമുള്ള രവിക്ക്......

ദിവ്യഗർഭം

പിറന്നാൾ