കുറുന്തോട്ടി
' ഡാ നീ പറഞ്ഞപോലെ ഉള്ളിവെച്ച് നോക്കി എന്നിട്ടും എനിക്ക് പനി വന്നില്ലല്ലോ!'.
'നീ തോലൊക്കെ പൊളിച്ച്, ഇച്ചിരി ചതച്ചാണോ വെച്ചേ? എന്നാലേ പനി വരൂ.'
അല്ലേലും സാജൻ ഇങ്ങനെയാണ്, എപ്പോഴും വലിയ ആൾക്കാരെ പോലെ സംസാരിക്കും, എല്ലാത്തിനും എപ്പോഴും ഉത്തരമുണ്ട്. നാലിലാണ് പഠിക്കുന്നതെങ്കിലും കുറെ അറിവുണ്ട്.
'അല്ല, നിനക്കെന്തിനാ ഇപ്പൊ പനി വരുന്നേ, നിനക്ക് പിന്നേം തുടങ്ങിയോ പള്ളിക്കൂടത്തിൽ പോകാൻ മടി'
'തോമാ സാർ തന്ന കണക്ക് ഞാൻ ചെയ്തില്ലെടാ, എനിക്കറിയത്തില്ല. അതാ ഞാൻ പള്ളിക്കൂടത്തിൽ പോകാതിരിക്കാൻ നോക്കിയേ. പക്ഷെ അമ്മച്ചി എല്ലാം പൊളിച്ചു മര്യാദക്ക് പോകാൻ പറഞ്ഞു.'
ജോണി പറഞ്ഞു.
'അപ്പോ അടി കിട്ടും എന്ന് പേടിച്ചിട്ടാ!! അടി കിട്ടാതിരിക്കാനുള്ള വിദ്യയൊക്കെ ഞാൻ പറഞ്ഞ് തരാം.'
'ഡാ സാജാ സാറിന്റെ അടി മാത്രം അല്ല പ്രശ്നം, സാർ കണക്ക് ചോദിക്കും ചെയ്തില്ല എന്ന് പറയുമ്പോ അടിച്ചു ചന്തി പൊട്ടിക്കും. അതുംപോരാഞ്ഞു വൈകിട്ട് അപ്പന്റെ കൂടെ ഷാപ്പിൽ പോകുമ്പോ അപ്പനോടും പറഞ്ഞു കൊടുക്കും. ബാക്കി രാത്രി അപ്പൻ തരും എന്റെ ചെവി പൊന്നാക്കും.'
ജോണി ചെവിയിൽ തടവിക്കൊണ്ട് പറഞ്ഞു.
'സാർ ചോദിച്ചു തല്ലുകിട്ടിയാൽ അല്ലേ പ്രശ്നമൊള്ളൂ, സാർ ചോദിക്കില്ല അതിനൊക്കെ സൂത്രപ്പണിയുണ്ട്, പരമരഹസ്യമായി ചെയ്യേണ്ട ഒരു കാര്യം. പണ്ട് മുതലേ ചെയ്തിരുന്ന സംഗതിയാണ്.'
'നീ പെട്ടന്ന് പറ സമയം പോണു' ജോണി അക്ഷമനായി.
ജോണി അറിവിന്റെ പെട്ടിതുറക്കാൻ താക്കോലിനുവേണ്ടി തലയുടെ പുറകിൽ ഒന്ന് തടവി.
'കുറുന്തോട്ടിയാണ് ഇനി നിന്നെ രക്ഷിക്കാനുള്ളത്. നിന്റെ ഇടത്തെ കൈകൊണ്ട് ഒരു കുറുന്തോട്ടിയിൽ മൂന്നു കെട്ടിടണം. കേട്ടിടുമ്പോൾ സാറിന്റെ പേരും വിഷയവും മനസ്സിൽ ഓർക്കണം. ആരും കെട്ടിട്ടിടാത്ത കുറുന്തോട്ടിയിൽ വേണം കെട്ടിടാൻ, കേട്ടിടുന്നത് ആരും കാണാനും പാടില്ല
ദൂരേക്ക് നോക്കി നിന്നു.
'നിന്നോടിതാരാ പറഞ്ഞെ?'
'എന്റെ മാമൻ ചേട്ടനോട് പറഞ്ഞതാ, ചേട്ടൻ എന്റെ അടുത്ത് പറഞ്ഞു. നമ്മളെപോലെയുള്ള പിള്ളേർക്ക് അടി കിട്ടാണ്ടിരിക്കാൻ, കെട്ടിടാൻവേണ്ടിയാണ് ദൈവം ഇത്രേം കുറുന്തോട്ടി മുളപ്പിക്കുന്നെ!!! അതറിയാവോ? നീ വേഗം പോയി കെട്ടിട്ടു വാ ഞാൻ നടക്കാം'
ജോണി ഇതെല്ലാം കേട്ടു വാ പൊളിച്ച് നിന്നു.
പിന്നെ നേരെ കുറുന്തോട്ടി അന്വേഷിച്ചു നടന്നു.
'സാജാ.... ഇവിടെ എല്ലാത്തിലും കെട്ട് ഇട്ടിട്ടുണ്ടല്ലൊ!'
'നീ കുറച്ചൂടെ ഉള്ളിലേക്ക് പോയി നോക്ക്, കുറെ പേർക്ക് അറിയാവുന്നത്കൊണ്ട് അടുത്തുള്ളതിലൊക്കെ കെട്ടുണ്ടാവും. ഞാൻ തന്നെ എത്ര കെട്ടിയിരിക്കുന്നു.'
ജോണി കുറച്ചൂടെ ഉള്ളിലേക്ക് പോയി.
സാജൻ സ്കൂളിലേക്ക് നടന്നു.
കുറച്ചുള്ളിലായ് ആരും കെട്ടിടാത്ത ഒരു കുറുന്തോട്ടി ജോണി കണ്ടു. ആരും കാണുന്നില്ലെന്ന് ഉറപ്പുവരുത്തി ജോണി ഇടതുകൈകൊണ്ട് കെട്ടിടാൻ തുടങ്ങി.
ആദ്യമായ് ചെയ്യുന്നത്കൊണ്ട് അവൻ കെട്ടിടാൻ നന്നേ പണിപ്പെട്ടു. സമയം പോയതറിയാതെ അവൻ കെട്ടിട്ടുകൊണ്ടിരിന്നു.
അവസാനം മൂന്നു കെട്ടും ഇട്ടു കഴിഞ്ഞ് അവൻ റോഡിലേക്ക് ഇറങ്ങി സ്കൂൾ ലക്ഷ്യമാക്കി നടന്നു.
ഇന്നിനി തല്ല് കിട്ടില്ലെന്ന ആശ്വാസം അവന്റ മുഖത്ത് കാണാമായിരുന്നു.
അവൻ തിരിഞ്ഞു നോക്കിയപ്പോൾ അപ്പൻ പുറകെ വരുന്നത് കണ്ടു.
അപ്പൻ ഇന്ന് നേരത്തെ അങ്ങാടി പോകുവാണോ?
ഇന്നത്തെ പണി പെട്ടന്ന് കഴിഞ്ഞോ? ജോണി ആലോചിച്ചു.
അവൻ നടത്തത്തിന്റെ വേഗത കൂട്ടി, റോഡിലൊന്നും ആരെയും കാണുന്നില്ല.
അവൻ പള്ളിക്കൂടത്തിന്റെ പ്രധാന വാതിലിലൂടെ അകത്തേക്ക് കടന്നു.
4 B ലക്ഷ്യമാക്കി നടന്നു.
ഇന്ന് ബെല്ല് നേരത്തെ അടിച്ചോ?
ജോണി ക്ലാസിനു മുന്നിൽ എത്തി.
തോമാ സാർ ക്ലാസ്സ് എടുക്കുന്നു. സാജൻ പുറകിൽ എണീറ്റു നിൽപ്പുണ്ട്, അത് പിന്നെ പതിവാണല്ലോ!
'ഇപ്പോളാണോടാ ക്ലാസ്സിൽ വരുന്നേ? കഴിഞ്ഞ പീരിയഡ് നീ എവിടെ ആയിരുന്നു?'
തോമാ സാർ ആക്രോശിച്ചു.
കർത്താവെ ഒരു പീരിയഡ് വൈകിയോ? ജോണി ആകെ ഞെട്ടി. സാജനെ ഒന്ന് നോക്കി.
പിന്നെ തല കുനിച്ചു നിന്നു.
'നീ ഇങ്ങോട്ട് വാ, സമ്മാനം കയ്യോടെ മേടിച്ചു അവിടെ പോയി ഇരുന്നോ'
ജോണി പതുക്കെ മുന്പിലോട്ട് ചെന്നു സാർ ചൂരലെടുത്തു ജോണിയുടെ ചന്തിക്കു തന്നെ രണ്ട് നല്ല വീക്ക് കൊടുത്തു.
ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി. ജോണി ചന്തി തിരുമ്മിക്കൊണ്ട് അവന്റെ സീറ്റിലേക് പോയി.
ബെഞ്ചിൽ ഇരുന്നതും വേദനകൊണ്ട് ജോണി ഒന്നെണീറ്റു.
'അപ്പാ... അപ്പാ... എന്താ അപ്പൻ Think ചെയ്യുന്നേ? '
ജോസുവിന്റെ വിളിക്കേട്ടു ജോണി ചിന്തയിൽ നിന്ന് ഉണർന്നു.
'നമ്മൾ എന്തിനാ ഇവിടെ വന്നേ? '
'നമ്മൾ അമ്മച്ചിക്ക് മരുന്നുണ്ടാക്കാൻ കുറുന്തോട്ടി പറിക്കാൻ വന്നതാ'
'കുരുന്തോട്ടിയോ? അതെന്താ?'
'കുരുന്തോട്ടിയല്ലേടാ കുറുന്തോട്ടി. ഒരു Medicine ഉണ്ടാക്കാനാ.'
'ഇവിടെ Full Dirt ആണല്ലോ? Ugly Place.'
'മോനോട് ഞാൻ പറഞ്ഞയല്ലേ വരണ്ടാന്നു, മോന് ഈ മണ്ണും പൊടിയൊക്കെ അടിച്ചാൽ Allergy വരും എന്ന് ഡോക്ടർ പറഞ്ഞത് ഓർമയില്ലേ? '
ജോസു ഒന്ന് മിണ്ടാതെ നിന്നു. പെട്ടന്ന് ശക്തമായി ഒന്ന് തുമ്മി 'ഹാച്ചി......'
'ഇത് നിറയെ കുറുന്തോട്ടി ആയിരുന്നു ഇപ്പൊ ഒന്ന് പോലും ഇല്ല. ഇപ്പോൾ അടി കിട്ടാതിരിക്കാൻ പിള്ളേരെന്താണാവോ ചെയ്യുന്നേ? അവരു പോലീസിനെ വിളിക്കുമാരിക്കും, ഇപ്പോൾ തല്ലാൻ പാടില്ലല്ലോ!!.'
ജോണി സ്വയം പറഞ്ഞ്, മുന്നോട്ട് നടന്നു. ഒരു കുറുന്തോട്ടി കണ്ടു ഒറ്റക്ക് നിക്കുന്ന ചെറിയ ഒരെണ്ണം.
അവനതു പറിക്കാൻ തോന്നിയില്ല അവൻ കുനിഞ്ഞു ഇടതുകൈകൊണ്ട് അതിൽ മൂന്നു കെട്ടിട്ടു.
സാജന്റെ സ്വരം അവൻ കേട്ടു.
'കണക്കു ചെയ്യാത്തതിനല്ലല്ലോ സാർ നിന്നെ തല്ലിയെ, വൈകി വന്നിട്ടല്ലേ? ഇപ്പൊ മനസ്സിലായോ കുറുന്തോട്ടിയിൽ കെട്ടിട്ടാൽ അടി കിട്ടില്ല.'
ജോണി ഒന്ന് പുഞ്ചിരിച്ചു.
ജോസുവിന്റെ കൈയ്യിൽ പിടിച്ചു വീട്ടിലേക്ക് നടന്നു.
തോമാ സാറിന്റെ വീടിനു മുന്നിലെ Flex ബോർഡ് അവൻ വായിച്ചു.
'മുപ്പത്തഞ്ചു വർഷത്തെ സ്തുത്യർഹ സേവനത്തിനുള്ള അംഗീകാരം ബഹുമാനപെട്ട T J Thomas സാർ സ്ഥലം M L A ശ്രീ. സാജൻ ജോസഫിന്റെ കൈയ്യിൽ നിന്നും ഏറ്റുവാങ്ങുന്നു.'
✍️ ഫെബിൻ ജോസഫ്
Comments
Post a Comment