"ഞാൻ കുറെ കാലം ഒരു തെരുവുമാന്ത്രികന്റെ കൂടെ ആയിരിന്നു. എന്നെ ഉപയോഗിച്ചു ഒരുപാട് മാജിക്കുകൾ അയാൾ കാണിച്ചു. ഒരുപാടുപേർ എപ്പോഴും അയാൾക്ക് ചുറ്റുമുണ്ടാകും, കുട്ടികളും വൃദ്ധരും യുവാക്കളും അങ്ങനെ ഒരുപാടുപേർ. ഒരിടത്തും സ്ഥിരമായി നിൽക്കാതെ, ചെല്ലുന്നതെല്ലാം തന്റെ നാടാണെന്ന മട്ടിൽ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു മായാജാലക്കാരൻ. ഒരു സ്ഥലത്തു ചെന്നാൽ ആദ്യം കേറിചെല്ലുന്നത് അവിടുത്തെ കള്ളുഷാപ്പിൽ പിന്നെ മൂക്കറ്റം കുടിച്ചു എവിടേലും കിടന്നുറങ്ങും. രണ്ടാമത്തെ ദിവസമാണ് അയാൾ മായാജാലവുമായി ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങുക. ഒരറ്റത്ത് ചെറിയ ഒരു ബോൾ ഉള്ള ഒരു മാന്ത്രിക വടിയും എപ്പോഴും അയാളുടെ വലതു പോക്കറ്റിൽ ഉണ്ടാകും. ഓരോ മാജിക്കും നടക്കുന്നതിനു മുൻപ് അയാൾ ആ വടി വായുവിൽ പലരീതിയിൽ ചലിപ്പിച്ചു ആദ്യം ശബ്ദം താഴ്ത്തിയും പിന്നെ ഉച്ചത്തിലും പറയും 'ആബ്‌റാ കാ ഡാബ്രാ' പിന്നെ നടക്കുന്നത് കൂടിനിൽക്കുന്നവരുടെ മുഖഭാവത്തിൽ ഊഹിക്കാമല്ലോ. കുറച്ചുപേർ രണ്ടു കയ്യും തലയിൽ വെക്കും, കുറച്ചുപേർ വാ പൊളിക്കും, ബാക്കിയുള്ളവർ കയ്യടിക്കും. ഞാൻ കൂടെ ഉൾപ്പെടുന്ന വിദ്യക്കാണ് ഏറ്റവും കൂടുതൽ കയ്യടിയും അത്ഭുതവും കിട്ടുന്നത്. പരുപാടി അവസാനിപ്പിക്കുന്നതിന് മുൻപേ സംഭവനകളെക്കുറിച്ചു ഓർമിപ്പിക്കും. ഏറ്റവും വീർത്ത കീശയുള്ളവർ ആദ്യം സ്ഥലം വിടും കുറച്ചുപേർ പൊങ്ങച്ചം കാണിക്കും ചിലർ ചെറിയ സംഭാവന നൽകും. അതെല്ലാം കൃത്യമായി എണ്ണി അയാൾ അയാളുടെ ഭാണ്ഡത്തിൽ വെക്കും. സംഭാവന തന്നവർക്ക് വേണ്ടി അവസാന വിദ്യയും അവതരിപ്പിച്ചശേഷം നാട്ടിലെ പ്രമുഖയുടെ വീടന്വേഷിച്ചു ഒരു ചെറിയ യാത്ര. അവിടെ ചെന്ന് എന്റെ സഹായത്തിൽ രണ്ടു പൊടികൈകൾ കാണിച്ചു അവിടെ അന്തിയുറങ്ങും. ഒന്ന് രണ്ട് ദിവസം ഇതാവർത്തിച്ചു അടുത്ത യാത്ര തുടങ്ങും. ഒരിക്കൽ ഒരു നഗരത്തിന്റെ അടുത്ത് അയാൾ മാജിക് അവതരിപ്പിക്കുമ്പോൾ ഒരാൾ ഞങ്ങളെ തന്നെ നോക്കി നിന്നു. അന്ന് എല്ലാം അവസാനിപ്പിച്ച് 'ചെറു യാത്ര' തുടങ്ങാൻ നേരം അയാൾ ഞങ്ങളുടെ അടുത്ത് വന്നു പറഞ്ഞു 'ഞാൻ ഒരു സർക്കസ് നടത്തുന്നയാളാണ് എന്റെ സർക്കസിലെ മാജിക്ക്കാരൻ ഇപ്പോൾ അയാളുടെ പ്രതിഭയുടെ നിഴൽ മാത്രമാണ്. നിങ്ങൾക് താല്പര്യമുണ്ടെങ്കിൽ ഞാൻ ജോലി തരാം. താമസിക്കാൻ ഒരിടവും, ശമ്പളവും തരാം.' ഞങ്ങൾ വരാമെന്ന് എനിക്ക് പറയണമെന്നുണ്ടായിരുന്നു, പക്ഷെ ഞാൻ മിണ്ടിയില്ല. 'ഞാൻ വരാം' അയാൾ സമ്മതിച്ചു. പിറ്റേന്ന് മുതൽ ഞങ്ങളുടെ താമസം സർക്കസ് തമ്പിനുള്ളിലായി. ഒട്ടകത്തെയും കുതിരയെയും എനിക്ക് മനസിലായി. പരന്ന് വികൃതമുഖമുള്ള ഒരു ജീവിയും അവിടെ ഉണ്ടായിരുന്നു. ഞങ്ങളുടെ വിദ്യകൾ ജനങ്ങൾക്ക് ഇഷ്ടമായി. സർക്കസിലേക്ക് കൂടുതൽ ആളുകൾ വന്നു തുടങ്ങി. സർക്കസിന്റെ വരുമാനവും കൂടി. ഒരു രാത്രിയിൽ മൊതലാളി ഞങ്ങളുടെ ടെന്റിൽ വന്നു. 'നിങ്ങളുടെ പരിപാടി ഗംഭീരമാണ് പക്ഷേ ഇനി ഈ പഴയ സാധനങ്ങൾ ഒന്നും വേണ്ട നമുക്ക് പുതിയത് വാങ്ങാം '. അയാൾ അതും പറഞ്ഞിറങ്ങി പോയി. പിറ്റേന്ന് രാവിലെ തന്നെ രണ്ടുവലിയ പെട്ടിയുമായി മുതലാളിയും രണ്ടുജോലിക്കാരും ഞങ്ങളുടെ മുറിയിൽ വന്നു. ഞങ്ങൾ അത്ഭുതത്തോടെ ആ പെട്ടി തുറക്കുന്നത് നോക്കി നിന്നു കുറെ പുതിയ സാധനങ്ങൾ പലനിറങ്ങളുള്ള കടലാസുകൾ, പുതിയ കോട്ടും, തൊപ്പിയും, വടിയും. അയാൾ എല്ലാം തൊട്ടുനോക്കി, തൊപ്പിവെച്ചുനോക്കി, കോട്ടിട്ടുനോക്കി എന്നിട്ട് ആ പഴയ വടിയെടുത്തു പുതിയ വടിക്ക് നേരെ നീട്ടി പറഞ്ഞു '
ആബ്‌റാ കാ ഡാബ്രാ' പഴയ വടി നടുവേ ഒടിച്ചു വലിച്ചെറിഞ്ഞു. പുതിയ വടി കയ്യിലെടുത്തു പഴയ സാധനങ്ങളെ എല്ലാം ഇല്ലാതാക്കി. ഒടുവിൽ പോക്കറ്റിൽ നിന്നു എന്നെ പുറത്തെടുത്തു 'ഇതോ?.' 'അതും കളഞ്ഞേക്ക് വേറെ പുതിയത് തരാം.' അങ്ങനെ എന്നെയും അയാൾ ഒഴിവാക്കി." ഒരു ഭിക്ഷക്കാരന്റെ കിടന്നുകൊണ്ട് പത്തു പൈസയുടെ നാണയം സങ്കടത്തോടെ തന്റെ കഥ പറഞ്ഞവസാനിപ്പിച്ചു. ഭിക്ഷക്കാരനെ നോക്കി ജനങ്ങൾ അത്ഭുതപ്പെട്ടു 'ഇതാ പഴയ മാജിക്ക്കാരനല്ലേ ! പുതിയ ആള് വന്നപ്പോൾ ഇയാളെ പറഞ്ഞു വിട്ടു.' അയാൾ തന്റെ സർവ്വ വസ്തുക്കളോടും കൂടെ അയാളുടെ അവസാനത്തെ വിദ്യ ചെയ്യാൻ കോപ്പുകൂട്ടി The Great Escape. പഴയ മായാജാലക്കാരന്റെ മെയ്വഴക്കത്തോടെ അവൻ ആഴങ്ങളിലേക്ക് ഊഴിയിട്ടപ്പോൾ പത്തുപൈസയുടെ നാണയം ഉറക്കെ പറഞ്ഞു ' ആബ്‌റാ കാ ഡാബ്രാ'........
✍️ ഫെബിൻ ജോസഫ്
Comments
Post a Comment