താക്കോൽ

വളരെ ദീർഘമായ ഒരു യാത്രക്കൊടുവിൽ അവന് ആ അമൂല്യമായ താക്കോൽ ലഭിച്ചു. ആ താക്കോൽ ഒരിക്കലും നഷ്ടപ്പെടാതിരിക്കാൻ അവൻ അത് അമ്മയെ ഏൽപ്പിച്ചു. അമ്മ കുറച്ച് നാൾ അത് ഏറെ കരുതലോടെ സൂക്ഷിച്ചു. അമ്മയുടെ അകാലത്തിലെ മരണം ആ താക്കോൽ എന്നന്നേക്കുമായി നഷപെടുത്തി എന്ന് അവൻ കരുതി. ഒരിക്കൽ അമ്മയുടെ ശേഖരത്തിൽ നിന്നും അവൻ ആ താക്കോൽ വീണ്ടെടുത്തു. ഇനി അത് എവിടെ സൂക്ഷിക്കുമ്മെന്നും ആരുടെ കയ്യിൽ ഏൽപ്പിക്കണം എന്നും ചിന്തിച്ച് അവൻ അത് ഉറ്റചങ്ങാതിക്ക്  കൈമാറി. പോകപോകെ ചങ്ങാതിയുടെ കരുതൽ പോരെന്നു അവന് മനസിലായി. പലപ്പോഴും ആവശ്യനേരത്തു താക്കോൽ കിട്ടാതെ വന്നു. മനസില്ലാമനസ്സോടെ അവൻ അത് വാങ്ങി. അവൻ അത്  കാമുകിക്ക് സമ്മാനിച്ചു. പ്രണയത്തിന്റെ ആദ്യ നാളുകളിൽ ലഭിച്ച കരുതലിൽ താക്കോൽ ഇനി മറ്റൊരാളെ ഏൽപ്പിക്കേണ്ടതില്ലെന്നു അവൻ ഉറപ്പിച്ചു. പക്ഷേ, സമയം വീണ്ടും വില്ലനായി, താക്കോൽ തുരുമ്പെടുക്കാൻ തുടങ്ങിയെന്നും പലപ്പോഴും ഉപയോഗിക്കാൻ പറ്റാതെ ഇരിക്കുന്നതായും അവന് ബോധ്യമായി. അവൻ താക്കോൽ അവന്റെ പ്രിയപ്പെട്ട പുസ്തകത്തിന്റെ ഉള്ളിൽ എടുത്തുവെച്ചു. അവന്റെ മുറിയിലായിരുന്നപ്പോൾ മാത്രം അവൻ താക്കോൽ ഉപയോഗിച്ചു. അവിടെ നിന്നും അവന്റെ പേഴ്സിലേക്ക് അത് സഞ്ചരിച്ചു. പലയിടത്തും അവൻ പേഴ്‌സ് മറന്നുവെക്കാനും, ചിലപ്പോഴെല്ലാം അപഹരിക്കപ്പെടാനും അത് കാരണമായി. ആരും ആ അമൂല്യ നിധി മോഷ്ടിക്കാതിരിക്കാൻ അവൻ പുരയിടത്തിൽ ഒരു വലിയ കുഴിയെടുത്തു അതിൽ ഒളിപ്പിച്ചുവെച്ചു. ഉരുൾ പൊട്ടി വന്ന കല്ലിലും മണ്ണിലും നിന്ന് കഷ്ടപ്പെട്ട് അവൻ അത് തിരിച്ചെടുത്തു. തന്റെ ചങ്കോട് അവൻ ആ താക്കോൽ തുന്നിച്ചേർത്തു.


                                   ✍️ഫെബിൻ ജോസഫ്

Comments

Popular posts from this blog

പ്രിയമുള്ള രവിക്ക്......

ദിവ്യഗർഭം

പിറന്നാൾ