ജാനിയേടത്തീടെ മകൾ
"ഇപ്പോൾ കിട്ടിയ വാർത്ത, പ്രശസ്ത ഭൗതികശാസ്ത്രജ്ഞയും സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന we too have സംഘടനയുടെ സ്ഥാപകയുമായ dr. നാരായണിയുടെ സ്വകാര്യ ലാബിൽ വൻ സ്ഫോടനം. സംഭവ സ്ഥലത്ത് നിന്നും ഞങ്ങളുടെ റിപ്പോർട്ടർ സഞ്ജന ചേരുന്നു, സഞ്ജന എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്? എങ്ങനെയാണു അപകടം നടന്നത് ?എന്താണ് ഇപ്പോൾ അവിടുത്തെ സ്ഥിതി?"
ഒരു മണിക്കൂറിനു മുൻപാണ് വലിയ ശബ്ദതത്തോട്കൂടിയ സ്ഫോടനമുണ്ടായതു ഹരിത, ഉടൻ തന്നെ പോലീസും ഫയർഫോഴ്‌സും നാട്ടുകാരും തീയണക്കുന്നതിനുള്ള ജോലികൾ ആരംഭിച്ചു. ഡോക്ടർ നാരായണി കുറെ മാസങ്ങളായി ഈ ലാബിൽ പരീക്ഷണത്തിലായിരുന്നു, പ്രകാശത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുന്ന പാർട്ടിക്കിൾ കണ്ടുപിടിക്കുന്നതിനുള്ള പരീക്ഷണത്തിന്റെ അവസാന ഘട്ടം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. സ്ഫോടനം നടന്ന സമയത്ത് ലാബിൽ ഡോക്ടറും മകളും ഒരു സഹായിയും മാത്രമേ ഉണ്ടായിരുന്നുള്ളു. ഡോക്ടറും സഹായിയും അത്യാസനനിലയിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മകൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. അടുത്ത് അധികം വീടുകൾ ഇല്ലാതിരുന്നത് വൻ ദുരന്തം ഒഴിവാക്കിയെന്നു സംഭവസ്ഥലം സന്ദർശിച്ച പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. ഡോക്ടറുടെ ജീവിതപങ്കാളി പ്രശസ്ത ഫാഷൻ ഡിസൈനർ പാർവതി കുറച്ച് നാളുകളായി വിദേശത്താണ്, ഒരു വർഷം മുൻപാണ് ഇവർ ശിശുഭവനിൽ നിന്നും മകളെ ദത്തെടുത്തത്. സ്ഫോടന വാർത്തയറിഞ്ഞ പാർവതി നാട്ടിലേക്ക് പുറപ്പെട്ടു. ഇപ്പോൾ തീ ഒരു വിധം അണക്കാൻ സാധിച്ചിട്ടുണ്ട് പക്ഷെ മകളെ ഇതുവരെയും കണ്ടെത്താൻ സാധിക്കാത്തത് പരിഭ്രാന്തി സൃഷ്ടിക്കുന്നുണ്ട് ഹരിത. അടുത്ത മാസം WE TOO HAVE സംഘടനയുടെ നേതൃത്വത്തിൽ നടക്കാനിരുന്ന നങ്ങേലി അനുസ്മരണം : ഇന്നിന്റെ ആവശ്യകത എന്ന സമ്മേളനത്തിനെതിരെ ഭീഷണികൾ വന്നത് അപകടത്തിൽ അട്ടിമറി സാധ്യത വർധിപ്പിക്കുന്നു ഹരിത."
"നന്ദി സഞ്ജന, സംഭവസ്ഥലത്തു നിന്നും ഞങ്ങളുടെ റിപ്പോർട്ടർ സഞ്ജനയാണ് വിവരങ്ങൾ നൽകിയത്. "
****************************** ************
" ജാനിയേടത്തി ഒരു പെൺകുഞ്ഞല്ലേ ആ കിടക്കണത്, എന്തുടപ്പാ കുഞ്ഞിട്ടിരിക്കണേ, ഈടെ ഒന്നും കണ്ടിക്കില്ലാലോ ഈ കുഞ്ഞിനെ !!"
"ശരിയാണല്ലോ കുഞ്ചി, ഈടെ എങ്ങും കാണാത്ത ഒരു മോന്തയാണല്ലോ? തീരെ കുഞ്ഞല്ല, കുട്ടിയെങ്ങനാ ഈ കണ്ടത്തിൽ എത്തിയതാവോ ! ഏതേലും തമ്പുരാക്കന്മാരുടെ നേരമ്പോക്കിന്റെ സമ്മാനം ആകും, കണ്ടില്ലേ മോന്തെന്നു ചോര തോട്ടെടുക്കാം !!! എന്നാലും ഈ കുപ്പായം ഈടെ ആരും ഇട്ട് കണ്ടിക്കില്ല, ഏതേലും സായ്‌വത്തിടെ കുഞ്ഞാകും."
"എന്തായാലും ജാനിയേടത്തി കുഞ്ഞിനെ കുടീലേക്ക് കിടത്ത്, കണ്ണ് തൊറക്കുമ്പോ ചോയ്ക്ക "
"മംഗലം കയിഞ്ഞു ഇത്ര ആയിട്ടും കുഞ്ഞിക്കാല് കാണാൻ കൈയ്യാതെന്നു ചാമി തന്നതാണ് ഈ പൊന്നുംകുടത്തെ, ഈ കുഞ്ഞിനെ ഞാൻ വളർത്തും ന്റെ കുഞ്ഞായിട്ട് "
"ശരിയാ ഏടത്തി, മുത്തപ്പൻ തന്നയാ ഏടത്തിക്ക് കൊഞ്ചിക്കാൻ, ബാക്കി പെണ്ണുങ്ങള് കണ്ണുവെക്കുന്നെന്നു മുന്നേ കുഞ്ഞിനെ കുടിലിലേക്ക് മാറ്റാം "
"മമ്മി... മമ്മി.... "
"ഏടത്തിടെ കുടിലിന്നല്ലേ ആ കരച്ചിൽ കേക്കണേ, കുഞ്ഞിന് ബോധം വന്നുന്നാ തോന്നണേ..വാ നമുക്ക് പോയി നോക്കാം "
"കുഞ്ഞേടുത്തെയാ കുഞ്ഞേ? കുഞ്ഞിന്റെ പേരെന്താ? കുഞ്ഞെങ്ങനാ ഈ കണ്ടത്തിലെത്തിയെ?"
"എനിക്കെന്റെ മമ്മിമാരെ കാണണം"
കുഞ്ഞ് കരയാൻ തുടങ്ങി.
"കുട്ടി എന്താ ഈ പറയണേ? കുട്ടിക്ക് എന്താ കാണണ്ടേ? എന്തിനാ ഇങ്ങനെ കരയണേ? "
കുഞ്ഞ് കരഞ്ഞുകൊണ്ടിരിന്നു...
"ജാനിയേടത്തി കുഞ്ഞിന് കൃത്യായ ഓർമയില്ല തോന്നുന്നു, ഏടത്തി കൊച്ചേട്ടനെ തഞ്ചത്തിൽ കാര്യം പറഞ്ഞു മനസിലാക്കി കുഞ്ഞിനെ ഇവിടെ തന്നെ നിർത്ത്, ആരേലും അന്വേഷിച്ചു വരാണേൽ നമുക്ക് കൊടുക്കാ, ഇല്ല ആരും വരില്ല, ഇത് ജാനിയേടത്തിടെ കുഞ്ഞാ, മുത്തപ്പൻ തന്ന കുഞ്ഞ്. "
"നീയറിഞ്ഞില്ലേ കറുമ്പി, ജാനിടെ പെണ്ണ് വയസറിയിച്ചുന്നു, ഓളെ പോലെയല്ല നല്ല ചേലാണ് കാണാനൊക്കെ, ഓളൊരു ഒത്ത പെണ്ണാണ്. "
"അത് ജാനിക്ക് പണ്ട് കളഞ്ഞു കിട്ടിയ കുഞ്ഞല്ലേ, ഏതേലും തമ്പ്രാട്ടിക്ക് വയറ്റിൽ കിട്ടിയതാരിക്കും അതാ ആ നെറം "
"എന്ത് പറഞ്ഞിട്ടെന്താ കഴിഞ്ഞൂസം തമ്പ്രാക്കന്മാർടെ കല്പന കൊട്ടി പോയത് കേട്ടില്ലേ? മാറ് മറക്കാൻ മുലക്കരം കെട്ടണെന്ന്! കരം തീരുമാനിക്കണത് തമ്പ്രാക്കാമാര് മാറിന്റെ വലുപ്പം അളന്നിട്ടാണെന്ന് !!"
"ജാനിടെ പെണ്ണും ഇനി മാറ് മറക്കണേൽ കരമടക്കേണ്ടി വരും, ഓളെങ്ങാനും തമ്പ്രാക്കന്മാർടെ മുന്നിൽ പെട്ടാൽ ഓര് ഓളെ വെറുതെ വിടുവോ? "
"ഓര് ഓർടെ കാര്യം നോക്കട്ടെ, നമ്മളെന്തിനാ വല്ലോരുടേം കാര്യത്തിൽ തലയിടണേ, തമ്പ്രാക്കന്മാരോട് എതിർത്തു നിക്കാൻ നമുക്ക് ആവില്ല. തമ്പ്രാക്കന്മാരെ അനുസരിച്ചാൽ കഞ്ഞി കുടിച്ചെങ്കിലും കിടക്കാം. ഇങ്ങള് പണി എടുക്ക് പെണ്ണുങ്ങളെ "
"കൊച്ചു, ഡാ കൊച്ചു "
"എന്താമ്പ്രാ? എന്താ മ്പ്രാക്കക്കന്മാരെല്ലാരുംകൂടി? "
"അന്റെ പെണ്ണ് വയസറിയിച്ചില്ലേ? എന്നിട്ട് ഓള് കരം അടക്കാണ്ട്, റൗക്ക ഇട്ട് പോണത് കണ്ടീനല്ലോ! ഓളെ ഇങ്ങ് വിളിക്ക്, പരിശോധിച്ച് കരപണം നിശ്ചയിക്കാനാണ് വന്നിരിക്കുന്നത് "
"തമ്പ്രാ ഓള് ചെറിയ പെണ്ണാണെ, കരം അടക്കാനൊള്ള വഹയൊന്നും അടിയന് കിട്ടാനില്ല തമ്പ്രാ "
"പൊന്നുതമ്പുരാന്റെ കല്പനായാണ്, അത് ധിക്കരിക്കാൻ മാത്രം നീ വളർന്നോ? നിന്റെ മോളെ വിളിക്കാൻ "
"ന്റെ അച്ഛന്റെ നേരെ കൊരക്കണ്ട, തമ്പ്രാക്കന്മാർക്ക് പരിശോധിച്ചാൽ പോരെ "
അവൾ പുരക്കകത്തു കേറി, കുറച്ചു സമയത്തിന് ശേഷം കയ്യിൽ ഒരു തേക്കിലയിൽ തന്റെ മാറ് വെച്ച്, രക്തം വാർന്ന് പുറത്തിറങ്ങി. തമ്പ്രാക്കന്മാരും അനുചരന്മാരും പിന്തിരിഞ്ഞോടി.. അവൾ നിലത്തു വീണു. അവളെ വാരിയെടുത്ത് അച്ഛൻ കരഞ്ഞു. ജാനിയമ്മ ബോധം ക്ഷയിച്ചു നിലത്തുവീണു.
മകളുടെ ശരീരം ചേതനയറ്റെന്ന് മനസിലായി കൊച്ചു നിലവിളിച്ചു "നങ്ങേലി, പൊന്നുമോളെ !!!!!!"
*****************************************
"നങ്ങേലി, ധീരയാണ്, അവൾ തന്റെടമുള്ളവളാണ്, അവൾ പ്രതികരിച്ചവളാണ്, അവൾ അനീതിക്കെതിരെ ജീവിതം കൊണ്ട് സമരം ചെയ്തവളാണ്, അവൾ ഒരു വിപ്ലവകാരിയാണ്. അവളാക്കാനാണ് ഞാൻ എന്റെ മകളെ നങ്ങേലി എന്ന് വിളിച്ചത്. പക്ഷേ അവൾ ഇന്ന് എന്റെ കൂടെയില്ല. എല്ലാവരും ആ ചരിത്ര വനിതയെ ഓർക്കുമ്പോൾ ഞാൻ എന്റെ പൊന്നുമോളെയാണ് അനുസ്മരിക്കുന്നത്, അവളും ധീരയായിരുന്നു. "
സമ്മേളനവേദിയിൽ വിതുമ്പിക്കൊണ്ട് Dr. നാരായണി പറഞ്ഞു നിർത്തി. പാർവതിയും അവിടെ ഉണ്ടായിരുന്നു. അവിടെ വരച്ചിരുന്ന ധീരവനിതക്ക് തങ്ങളുടെ മകളുടെ മുഖഛായ വന്നത് യാദൃശ്ചികമാണെന്ന് അവർ കരുതി. സമ്മേളനസ്ഥലത്തു നിന്നും മടങ്ങുമ്പോൾ അവർ തിരിഞ്ഞ് നോക്കി. അരിവാളും കയ്യിൽ പിടിച്ചു രക്തം വാർന്നു നിന്ന ചിത്രം "മമ്മി" എന്ന് വിളിക്കുന്നത് അവർ നേർത്ത സ്വരത്തിൽ കേട്ടു....
ഫെബിൻ ജോസഫ്
Comments
Post a Comment