ക്യാമറാമാൻ കുഞ്ഞിക്കണ്ണനോപ്പം സുഗുണൻ


'സംഭവസ്ഥലത്തു നിന്നും ക്യാമറാമാൻ കുഞ്ഞിക്കണ്ണനോപ്പം സുഗുണൻ വാർത്ത TV' 

"ഇപ്പോളത്തെക്ക് ഇത്രയും മതി ഇത് വെച്ച് ഇന്നത്തെ ചർച്ച പൊലിപ്പിച്ചോളും." സുഗുണൻ പറഞ്ഞു. 

"എന്നാലും നമ്മൾ ഈ ചെയ്തത് ഇച്ചിരി കടുംകൈ അല്ലെ?  ആ അച്ഛന്റെ മുഖം കണ്ടിട്ട് സഹിക്കുന്നില്ല. പോലീസ് നന്നായി ഉപദ്രവിച്ചെന്നു തോന്നുന്നു." 

" അതിൽ ഒന്നും കാര്യമില്ല കുഞ്ഞി, താൻ ചാനലിൽ വന്നിട്ട് ഒരു മാസം അല്ലെ ആയുള്ളൂ അതിന്റെയാണ്, കണ്ണിൽചോരയുണ്ടെങ്കിൽ അത് ഊറ്റിക്കളഞ്ഞിട്ട് ഈ പണിക്ക് വന്നാൽ മതിയെന്നാ എന്റെ ഇന്റർവ്യൂവിന് പറഞ്ഞത്. ഇപ്പോൾ 2 വർഷം പൂർത്തിയായി. ഈ ജില്ലയിലെ പ്രധാന സംഭവങ്ങൾ എല്ലാം കഴിഞ്ഞ രണ്ടുവർഷം കവർ ചെയ്തത് ഞാനാ. നമ്മൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങലുണ്ട്. 

ഒന്നാമതായി ഇത് ഒരു സെൻസേഷണൽ ഇഷ്യൂ ആണോ? 

ആണെങ്കിൽ ആരൊക്കെയാണ് ഇതിൽ ഉൾപ്പെടുന്നത്. അതിൽ നമ്മുടെ മാനേജ്മെന്റിന് വേണ്ടപ്പെട്ടവർ ആരെങ്കിലുമുണ്ടോ? 

എല്ലാ വാർത്തയിലും മാനേജ്മെന്റ് താല്പര്യം അനുസരിച്ചായിരിക്കും ചാനലിൽ വാർത്ത വരുന്നത്,  അതുകൊണ്ട് നമ്മൾ സത്യത്തിന്റെ പക്ഷം അല്ല നോക്കേണ്ടത്, മാനേജ്മെന്റ് പക്ഷം ആണ്. മനസ്സിലായോ??.  എല്ലാം പോകെ മനസിലായിക്കൊള്ളും.  താൻ ഇപ്പോൾ  പോയി കുറച്ച് visuals കൂടെ എടുത്തിട്ട് വാ. ഞാൻ ഒരു ചായ കുടിക്കട്ടെ"

സുഗുണൻ അടുത്തുള്ള ചായ കടയിലേക്ക് നടന്നു. 


സുഗുണൻ ചായ കുടിച്ചുകൊണ്ടിരുന്നപ്പോൾ ഫോൺ ബെല്ലടിച്ചു. ചാനൽ എഡിറ്റർ പുഷ്പൻ സാർ ആണ്. 

" ഹലോ, സാർ ഞാൻ മറ്റേ പീഡനക്കേസിന്റെ തെളിവെടുപ്പ് നടക്കുന്ന സ്ഥലത്താണ്, തെളിവെടുപ്പ് തുടങ്ങിയെ ഒള്ളു"

"അതൊക്ക വിട്ടേക്ക് അവിടേക്കു പുതിയ ഒരു പയ്യനെ വിട്ടിട്ടുണ്ട് താൻ പെട്ടന്ന് തന്നെ മെഡിക്കൽ കോളേജിലേക്ക് പോകണം, അവിടെ ഒരു ആത്മഹത്യാ നടന്നിട്ടുണ്ട്. പിന്നെ സർക്കാർ വീഴ്ചയാണെന്ന് വരുത്താൻ പ്രത്യേകം പറയണ്ടല്ലോ!!"


" ഓക്കെ സാർ ഞങ്ങൾ  ഇപ്പോൾ പുറപ്പെടാം."


ഫോൺ വെച്ച്, സുഗുണൻ കുഞ്ഞിക്കണ്ണനെ വിളിച്ച് മെഡിക്കൽ കോളേജിലെക് പുറപ്പെട്ടു. 


സുഗുണൻ അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥരോട് വിവരങ്ങൾ അന്വേഷിച്ചു, കുഞ്ഞിക്കണ്ണൻ ആത്മഹത്യ ചെയ്ത് റൂമും, അതിനു ഉപയോഗിച്ച കയറും പകർത്തി. 


സുഗുണന് വീണ്ടും കാൾ വന്നു, 

"ഇപ്പോൾ news ഡെസ്കിൽ നിന്നും കണക്ട് ചെയ്യും എല്ലാം prepared അല്ലെ?"

അതെ എന്ന് പറയുന്നതിന് മുൻപേ കാൾ കണക്ട് ആയി. 

'സംഭവസ്ഥലത്തുനിന്നും ഞങ്ങളുടെ റിപ്പോർട്ടർ സുഗുണൻ ചേരുന്നു,  സുഗുണൻ എന്താണ് യഥാർത്ഥത്തിൽ സംഭവിച്ചത്?  എന്താണ് ഈ ദാരുണാന്ത്യത്തിലേക് നയിച്ചത്?'


'ഇന്നലെയാണ് ഈ വ്യക്തിയെ രോഗം സംശയിച്ചു സ്വകാര്യ ഹോസ്പിറ്റലിൽ നിന്ന്, മെഡിക്കൽ കോളേജിൽ കൊണ്ടുവന്നത്. അപ്പോൾ മുതൽ രോഗിയെ ഒറ്റക്ക് ഒരു റൂമിൽ ആയിരുന്നു പാർപ്പിച്ചിരുന്നത്. ഇയാൾക്ക് മുൻപും ആത്മഹത്യാ പ്രവണത ഉണ്ടായിരുന്നതായി ബന്ധുക്കൾ അറിയിച്ചു. ഇത് പരിഗണിക്കാത്ത ഹോസ്പിറ്റൽ അധികൃതർ രോഗിക്ക് ആത്മഹത്യക്ക് അവസരം ഒരുക്കി എന്ന് വേണം കരുതാൻ. മദ്യം കിട്ടാതെ വന്നതിലുള്ള മനോവിഷമമാകാം ഈ മരണത്തിലേക്ക് നയിച്ചതെന്ന് കരുതപ്പെടുന്നു. അധികൃതരുടെ അനാസ്ഥ തന്നെയാണ് ഈ മരണത്തിലേക്ക് നയിച്ചതെന്ന് നമുക്ക് ഉറപ്പിക്കാം മന്മഥൻ'

'മരിച്ചയാളുടെ ബന്ധുക്കൾ ആരെങ്കിലും ആശുപത്രി പരിസരത്തുണ്ടോ?  എന്തെങ്കിലും പ്രതിഷേധങ്ങൾ അവിടെ നടക്കുന്നുണ്ടോ?'

'മന്മഥൻ, മരിച്ചയാളുടെ ബന്ധുക്കൾ ഒന്നും ആശുപത്രി പരിസരത്ത് എത്തിയിട്ടില്ല. ആരും ഇതുവരെ ബോഡി വിട്ടുകിട്ടണം എന്നാവശ്യപ്പെട്ടു എത്തിയിട്ടില്ല എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ആശുപത്രി പരിസരത്ത് യുവജന സങ്കടനകൾ സാമൂഹിക അകലം പാലിക്കാതെ പ്രതിഷേധിക്കുന്നുണ്ട്. പോലീസ് നിഷ്ക്രിയരായി ഈ കാഴ്ച കണ്ടുകൊണ്ട് നിൽക്കുകയാണ് മന്മഥൻ.'

'സംഭവസ്ഥലത്തു നിന്നും ഞങ്ങളുടെ റിപ്പോർട്ടർ സുഗുണൻ ആണ് വിശദാംശങ്ങൾ നൽകിയത്.' 


"അല്ല സുഗുണൻ ചേട്ടാ, ബന്ധുക്കൾ ആരെയും ചേട്ടൻ കണ്ടില്ലല്ലോ?!!! പിന്നെ അങ്ങനെ ഒക്കെ പറഞ്ഞാൽ പ്രശ്നമാവില്ലേ? " 

"ഇല്ലെടാ കുഞ്ഞിക്കണാ ഒരു പ്രശ്നോം ഇല്ല, ഇതൊക്ക നമ്മടെ സ്ഥിരം നമ്പർ അല്ലെ.....എന്തായാലും ഇന്നത്തേക്ക് ഉള്ളത് ആയിക്കാണും അന്വേഷിച്ചപ്പോ ഇയാളുടെ അഡ്രസ് കിട്ടിയിട്ടുണ്ട് അവിടെ കൂടെ പോയി ഒരു റിപ്പോർട്ട്‌ ഉണ്ടാക്കാം. എനിക്ക് അടുത്ത ആഴ്ച ലീവ് എടുക്കാനുള്ളതാ." 


സുഗുണന്റെ വണ്ടിയിൽ അവർ യാത്ര തിരിച്ചു. ഓട് മേഞ്ഞ ഒരു വീടിന്റ മുൻപിൽ വണ്ടി നിറുത്തി. Calling bell ഇല്ലാതിരുന്നതിനാൽ വാതിലിൽ മുട്ടി. 

പ്രായമായ ഒരു സ്ത്രീയാണ് വാതിൽ തുറന്നു പുറത്ത് വന്നത്. 

"നിങ്ങൾ ആരാ?  എന്തിനാ വന്നത്?"

"ഇത് വർക്കിയുടെ വീടല്ലേ?"

"അതെ,  ഞാൻ അവന്റെ അമ്മച്ചിയാണ്. അവൻ ഇവിടെ ഇല്ലല്ലോ. അവനെ പനിയാ ആശുപത്രിയിൽ പോയേക്കുവാ. എന്താ കാര്യം? " 

"അമ്മച്ചി ഞങ്ങൾ ആശുപത്രിയിൽ പോയിരുന്നു, വർക്കി ആത്മഹത്യ ചെയ്തു. Covid സ്ഥിരീകരിച്ചിരുന്നു. ഇവിടുന്ന് വേറെ ആരും പോകാൻ ഇല്ലേ ആശുപത്രിയിൽ? "

അമ്മച്ചി അടുത്ത ഭിത്തിയിലേക്ക് അറിയാതെ ചാഞ്ഞു. കണ്ണിൽ നിന്നും കണ്ണീർ ധാരയായി ഒഴുകാൻ തുടങ്ങി. 

ക്യാമറ on ചെയ്യാൻ സുഗുണൻ നിർദ്ദേശം നൽകി. കവിളിലൂടെ ഒഴുകിയ കണ്ണുനീർ ഒന്നും പാഴാക്കാതെ കുഞ്ഞിക്കണ്ണൻ ക്യാമറയിൽ ഒപ്പിയെടുത്തു. 

കയ്യിലിരുന്ന ചാനൽ ലോഗോയുള്ള വലിയ മൈക് അമ്മച്ചിയുടെ വായോടടുപ്പിച്ചു പിടിച്ച് സുഗുണൻ ചോദിച്ചു. 

'അമ്മയുടെ മകനാണ് ഇന്നു മെഡിക്കൽ കോളേജിൽ ആത്മഹത്യ ചെയ്തത് അമ്മക്ക് എന്താണ് പറയാനുള്ളത്?'

നിശബ്ദത 

'വർക്കി പണ്ടും ആത്മഹത്യാ പ്രവണതയുള്ള ആളായിരുന്നു എന്ന് പറയുന്നത് ശെരിയല്ലേ? '

അമ്മ ഒന്ന് ഏങ്ങലടിച്ചു. 

'പ്രവണത ഉണ്ടായിരുന്നു എന്ന് തന്നെ വേണം ഈ നിശബ്‌ദതയിൽ നിന്നും മനസിലാക്കാൻ.

ആശുപത്രി അധികൃതരുടെ അലംഭാവമാണ് മരണത്തിനു കാരണം എന്ന് അമ്മക്ക് തോന്നുന്നില്ലേ? '

അമ്മച്ചി വീണ്ടും നിശബ്ദതയിൽ പ്രതികരിച്ചു. 

'മകന്റെ വേർപാട് ഉൾകൊള്ളാൻ സാധിക്കാത്ത ഒരമ്മയുടെ ദയനീയ ദൃശ്യം. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം ഒരു കുടുംബത്തിന്റെ പ്രതീക്ഷയാണ് നഷ്ടപെട്ടിരിക്കുന്നത്. മെഡിക്കൽ കോളേജിൽ മരിച്ചനിലയിൽ കണ്ടെത്തിയ വർക്കിയുടെ വീടിനു മുന്നിൽ നിന്നും ക്യാമറമാന് കുഞ്ഞിക്കണ്ണനോപ്പം സുഗുണൻ വാർത്ത TV.'

"വരുന്ന വഴിക്ക് കുറച്ച് മദ്യകുപ്പികൾ കൂട്ടിയിട്ടിരിക്കുന്നു കണ്ടു അതിന്റെ കുറച്ച് visuals എടുത്തോ ആവശ്യം വരും. "

"ചേട്ടാ അത് ആ പിള്ളേര് bottle art ചെയ്യാൻ പെറുക്കി വെച്ചിരിക്കുന്ന കുപ്പിയല്ലേ?  അത് വേണോ? "

"താൻ ഞാൻ പറഞ്ഞത് ചെയ്താൽ മതി, അവര് അത് ഇവിടുന്നു പെറുക്കി കൊണ്ടുപോയതാണെങ്കിലോ? "

സുഗുണൻ ഒരു സിഗരറ്റ് കത്തിച്ചു പുറത്തേക്കിറങ്ങി. 

അമ്മച്ചി അപ്പോഴേക്കും അടുത്തുള്ള കസേരയിലേക്ക് വീണിരുന്നു. 

വീണ്ടും സുഗുണന് കാൾ വന്നു. പുഷ്പൻ സാർ ആണ്. 

"ഹലോ സാർ, ഞാൻ ആ ആത്മഹത്യ ചെയ്തയാളുടെ വീട്ടിൽ ആണ്. ഒരു story റെഡി ആയിട്ടുണ്ട്. "

"അതവിടെ നിൽക്കട്ടെ, താൻ പെട്ടന്ന് തന്റെ വീട്ടിലേക്ക് ചെല്ല്. തന്നെ വിളിച്ചിട്ട് കിട്ടുന്നില്ലെന്ന് പറഞ്ഞു. "

"ഇതൊരു പട്ടിക്കാടാ സാറേ ഇവിടെ റേഞ്ച് ഇല്ല അതുകൊണ്ടാ. അല്ല എന്താ സാർ വീട്ടിൽ? "

"താൻ ചെല്ല്, അവിടെ പെട്ടന്ന് തന്നെ എത്താൻ നോക്ക് "

"ശരി സാർ"

ഫോൺ വെച്ച് സുഗുണൻ കുഞ്ഞിക്കണ്ണനെയും കൂട്ടി വീട്ടിലേക്ക് പുറപ്പെട്ടു. വീടിന്റ മുൻപിൽ കുറച്ച് ജനങ്ങൾ കൂടിയിട്ടുണ്ട്.  സുഗുണന്  എന്തോ  പന്തിക്കേട്‌ തോന്നി. 

"Gas പൊട്ടിത്തെറിച്ചതാണ്"

"വലിയ ഒച്ച ഞാൻ കേട്ടിരുന്നു"

"വന്നപ്പോളേക്കും എല്ലാം തീർന്നിരുന്നു"

ആളുകൾ അടക്കം പറയുന്നത് കേട്ട് സുഗുണൻ വീട്ടിലേക്ക് ഓടി. ഭാര്യയുടെ കത്തിക്കരിഞ്ഞ ശരീരം ആംബുലൻസിൽ കയറ്റുന്നത് നോക്കി നിൽക്കാനേ സുഗുണന് സാധിച്ചൊള്ളു. 

അടുത്ത ആഴ്ച ഭാര്യയെ check up നു കൊണ്ടുപോകാൻ എല്ലാം തയാറായിരുന്നു. പക്ഷേ... 

'പ്രമുഖ മാധ്യമപ്രവർത്തകനും, വാർത്ത TV റിപോർട്ടറുമായ സുഗുണന്റെ ഭാര്യ സുമതിയാണ് gas പൊട്ടിത്തെറിച്ചു കൊല്ലപ്പെട്ടത്. ഇവർ തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടെന്നും, ഇന്നലെ രാത്രി സുഗുണൻ കൂടുതൽ മദ്യപിച്ചു ഉപദ്രവിച്ചിരുന്നു എന്നും അയൽക്കാർ പറഞ്ഞു. ഇത് ഒരു ആത്മഹത്യ ആണോ അതോ അപകമായി വരുത്തി തീർത്ത കൊലപാതകമാണോ എന്ന് കണ്ടത്തേണ്ടിയിരിക്കുന്നു. പോലീസ് അസ്വാഭാവിക മരണത്തിനു കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി സ്ഥലം SI ബിജു പറഞ്ഞു. സുഗുണന്റെ വീടിനു മുന്നിൽ നിന്നും ക്യാമറാമാൻ അഭിനയനൊപ്പം നേര് TV ക്കു വേണ്ടി സുഭാഷിണി.'

സുഗുണന്റെ കണ്ണിൽ നിന്നും രക്തം പൊടിഞ്ഞു. ആംബുലൻസിലേക്ക് കയറും നേരം നേരിയ ഒരു ശബ്‌ദം സുഗുണൻ കേട്ടു. 

'ക്യാമറാമാൻ കുഞ്ഞിക്കണ്ണനോപ്പം സുകുമാരൻ വാർത്ത TV'
                            ✍️ഫെബിൻ ജോസഫ് 

Comments

Post a Comment

Popular posts from this blog

പ്രിയമുള്ള രവിക്ക്......

ദിവ്യഗർഭം

പിറന്നാൾ