ദിവ്യഗർഭം
'പടക്കം പൊട്ടി ഗർഭിണിയായ ആന ചരിഞ്ഞ സംഭവത്തിൽ പ്രതിഷേധവുമായി കൂടുതൽ താരങ്ങൾ, കുറ്റവാളികളെ കണ്ടെത്തി തക്കതായ ശിക്ഷ നല്കണമെന്നു താരങ്ങൾ.'
വാർത്ത അവതാരകൻ ആനയോടുള്ള കൃത്രിമ സഹതാപത്തിൽ പറഞ്ഞു നിറുത്തി. താരങ്ങളുടെ കപടസ്നേഹത്തെ ഉൾക്കൊണ്ടതുകൊണ്ട് പറഞ്ഞുപോയതാകാനും സാധ്യത ഉണ്ടെന്ന് ആയിഷുമ്മ ചിന്തിച്ചില്ല. ഇന്നെങ്കിലും തന്റെ കൊച്ചുമോളുടെ വാർത്ത കാണാൻ പറ്റും എന്ന് കരുതിയാണ് ഈ സാഹസത്തിനു മുതിർന്നത്. സാധാരണ TV യോട് ഒട്ടും മമത ഇല്ലാത്തയാളാണ് ആയിഷുമ്മ വാർത്ത ചാനലുകളോട് പ്രത്യേകിച്ചും. കൊച്ചുമകൾ ജയിലിലായിട്ട് കുറച്ചധികം നാളായി. ഇതുവരെ പ്രത്യേകിച്ച് ഒരു വാർത്തയും വന്നു കണ്ടില്ല, ഉള്ളിൽ ഒരു ജീവനെ പേറുന്ന അവൾക്കു വേണ്ടി ആരും സംസാരിച്ചും കണ്ടില്ല. ആയിഷുമ്മ TV യിൽ തമ്മെ നോക്കിയിരുന്നു. വർത്തകൾക്കിടയിലെ പരസ്യംപോലും വിട്ടുകളഞ്ഞില്ല. ഇന്ന് വാർത്ത വരാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞത് മോളെ പഠിപ്പിച്ച മാഷാണ്. മാഷ്ടെ മോൻ ടൗണിൽ ഒരു ചാനലിൽ ജോലിക്കാരനാണു.
'ഇനി ചില വാർത്തകൾ ഒറ്റനോട്ടത്തിൽ.
Covid രോഗികളുടെ എണ്ണം പത്തു മില്യനോട് അടുക്കുന്നു.
Football കളിക്കാരിൽ ഒരു ബില്യൺ വരുമാനം നേടുന്ന ആദ്യ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ.
"Lockdown ശീലങ്ങൾ" വൈറലായി ഒരു പറ്റം യുവാക്കളുടെ tiktok വീഡിയോ.
സിനിമ ഷൂട്ടിംഗ് പ്രതിസന്ധി പരിഹരിക്കാൻ താരങ്ങൾ പ്രതിഫലം കുറക്കാൻ തയാറാകണമെന്ന് നിർമാതാക്കളുടെ സംഘടന.
വീടൊഴിപ്പിക്കൽ പ്രതിഷേധിച്ച പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കാതെ കോടതി.
വാർത്തകൾ സമാപിച്ചു ഇനി whether updates. '
'ന്റെ കുട്ടീടെ പേരു പോലും പറഞ്ഞില്ലല്ലോ, ന്റെ കുട്ടി എന്ത് തെറ്റ് ചെയ്തിട്ടാ ഈ അനുഭവിക്കണേ' ആയിഷുമ്മ കണ്ണീർ പൊഴിച്ചു.
ആയിഷുമ്മെടെ മകന്റെ കുട്ടിയാണ്. മകനും ഭാര്യയും ഒരു അപകടത്തിൽ കൊല്ലപ്പെട്ടതു മുതൽ കുട്ടിയെ വളർത്തിയത് ആയിഷുമ്മയാണ്. അനീതിക്കെതിരെ വിരൽ ചൂണ്ടാൻ അവളെ പഠിപ്പിച്ചതും ഉമ്മയാണ്. ഇപ്പോൾ ആ ശീലം തന്നെ അവളെ അഴിക്കുള്ളിലാക്കി. കേസും പുക്കാറും വന്നതിൽ പിന്നെ കുടുംബക്കാരാരും ആയിഷുമ്മാനെ കാണാൻ വരാറില്ല. 10 കഴിഞ്ഞ ഉടനെ കെട്ടിക്കാൻ പറഞ്ഞിട്ടും തന്നിഷ്ടത്തിനു പഠിപ്പിച്ച ആയിഷുമ്മയെയാണ് എല്ലാരും ഇതിനു കുറ്റം പറയുന്നത്.
'പെൺപിള്ളേരായാൽ 18 വയസ്സ് ആകുമ്പോൾ കെട്ടിക്കണം. അവർ പിന്നെ ഭർത്താവിന്റെ കീഴിലാണ് വളരേണ്ടത്. വിരൽ ചൂണ്ടാൻ പോയിട്ട് മുഖം ഉയർത്തി നോക്കാൻ പോലും പെണ്പിള്ളേര് പഠിക്കാൻ പാടില്ല. അവൾ തന്നെ വരുത്തി വച്ചതല്ലേ അനുഭവിക്കട്ടെ.' കുട്ടീടെ അമ്മാവന്മാരുടെ ഭാഷ്യമിതാണ്.
Post Graduation പഠനം കഴിഞ്ഞ് ആയിഷുമ്മ അവൾ സ്നേഹിച്ചയാളുമായി അവളുടെ വിവാഹം നടത്തി. അവർ ഇപ്പോൾ ഉത്തരേന്ത്യയിൽ ആണ് താമസം. അവർ വീട് വാങ്ങി താമസിക്കുന്ന സ്ഥലം പണ്ട് ഏതോ ദൈവം ഒളിച്ചു താമസിച്ച സ്ഥലമാകാൻ സാധ്യത ഉണ്ടെന്നാണ് സംസാരം. അവൾ തന്റെ വീട്ടിൽ സ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു പാട്ടുറക്കെ പാടിയത് മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.
പാട്ട് കേട്ട 'സ്വാതന്ത്രവിരുദ്ധദൈവസേന' അംഗങ്ങൾ അവളെയും കുടുംബത്തെയും വീട്ടിൽ നിന്ന് പുറത്താക്കാൻ തീരുമാനിച്ചു. അവരുടെ ദൈവത്തെ അപമാനിച്ചെന്നും, അടിമ ജീവിതത്തിന്റെ നന്മകളെ ഇകഴ്ത്തിയെന്നും അവർ വാദിച്ചു. കോടതി കേസ് പരിഗണിക്കവെ സേന നേരിട്ട് കുടിയിറക്കലുമായി വീട്ടിൽ കയറിയപ്പോൾ അവൾ തന്റെ ചൂണ്ടുവിരൽ അവരുടെ കണ്ണിനു നേരെ ചൂണ്ടി. ആ അപരാധം ദേശദ്രോഹമാണെന്നും രാജ്യത്തെ സ്ത്രീകൾക്ക് യോജിക്കാത്തതാണെന്നും അവർ വിധിച്ചു. അവൾ അനിശ്ചിത കാലത്തേക്ക് അഴിക്കുള്ളിലായി.
ചൂണ്ടുവിരൽ ചിഹ്നമായ പ്രസ്ഥാനം പിറവിയെടുത്തു. അവർ മുതലെടുപ്പിന്റെ കരുക്കൾ നീക്കി തുടങ്ങി. ഒരുപാട് യുവാക്കൾ അതിൽ ആകൃഷ്ടരായി. അവളെ അവർ തങ്ങളുടെ മാതൃകയാക്കി. പക്ഷേ അവൾ പുറത്തിറങ്ങിയാൽ തങ്ങളുടെ പങ്കാളിത്തം കുറയുമെന്ന് ഭയന്ന് അവൾ പുറത്തിറങ്ങാതിരിക്കാൻ ആഗ്രഹിച്ചു. അവളുടെ ഭർത്താവിനെ അന്ന് മുതൽ കാണാൻ ഇല്ലായിരുന്നു. ആയിഷുമ്മ ഒഴികെ ആരും ഈ മൂന്ന് ജീവനെ കുറിച്ച് വേവലാതിപെട്ടില്ല.
അവളുടെ ഉള്ളിലെ ജീവൻ മിടിക്കാൻ തുടങ്ങിയപ്പോൾ ജയിലിൽ എത്തിയതാണ് അവൾ. ഇപ്പോൾ ഏഴര മാസം കടന്നു പോയിരിക്കുന്നു, ഉള്ളിലെ ജീവന് പൂര്ണവളർച്ച കൈവന്നിരിക്കണം. അവൾക് എന്തെല്ലാമോ അസ്വാഭാവിതകൾ അനുഭവപ്പെടാൻ തുടങ്ങി. അവളുടെ ഉള്ളിലെ ജീവൻ പുറംലോകം കാണാൻ വെമ്പൽ കൊള്ളുന്നത്പോലെ. മനസ്സലിവുള്ള ചില ഉദ്യോഗസ്ഥരുടെ കനിവിൽ അവളെ പരിശോധിക്കാൻ ഡോക്ടർ വന്നു. മാസം തികയാൻ രണ്ട് ആഴ്ച കൂടി ശേഷിക്കെ അവൾ ഒരു അത്ഭുത ജീവന് ജന്മം കൊടുത്തു. മനുഷ്യന്റെ ഉടലും ആനയുടേതുപോലുള്ള തലയുമുള്ള അത്ഭുതകുഞ്ഞ്. പാതി കറുപ്പും പാതി വെളുപ്പുമായ ഉടൽ. ചുരുട്ടിപിടിച്ച ഇടതുമുഷ്ടിയും, ചൂണ്ടി പിടിച്ച വലതുകൈയും മറ്റൊരു പ്രത്യേകതയായിരുന്നു. അദ്ഭുതകുഞ്ഞിനെപ്പറ്റിയുള്ള വാർത്ത ലോകംമുഴുവൻ പടർന്നു. കുഞ്ഞിനേയും അമ്മയെയും ജയിൽ മോചിതരാക്കണമെന്നു പറഞ്ഞു പ്രക്ഷോഭങ്ങൾ തുടങ്ങി. സ്വാതന്ത്രവിരുദ്ധദൈവസേന കുഞ്ഞിനെ വിട്ടുകിട്ടണം എന്ന് പറഞ്ഞു ജയിൽ ഗേറ്റ് തകര്ത്തു. ചൂണ്ടുവിരൽ സംഘടന കുഞ്ഞിനെ അവരുടെ ചുവര്ചിത്രങ്ങളിൽ ചേർത്തു. ഭക്തർ ദൈവകുഞ്ഞിന്റെ പേരിൽ അമ്പലങ്ങൾ പണിതു. കുഞ്ഞിനെയും അമ്മയെയും കുറിച്ചുള്ള വാർത്തകൾകൊണ്ട് TV യും പത്രങ്ങളും നിറഞ്ഞു. ആയിഷുമ്മയുടെ കുടുംബക്കാർ കുട്ടിയുടെ അവകാശത്തിനായി കേസ് കൊടുത്തു. കുഞ്ഞിനെ ജയിലിൽ നിന്ന് പുറത്ത് എത്തിക്കാൻ 'താരങ്ങൾ' ട്വീറ്റ് ചെയ്തു. അത്ഭുതകുഞ്ഞെന്നും ദൈവകുഞ്ഞെന്നും ഹാഷ്ടാഗുകൾ നിറഞ്ഞു. ഒടുവിൽ അടിയന്തര സാഹചര്യം കണക്കിലെടുത്തു കോടതി അമ്മയെയും കുഞ്ഞിനേയും മോചിപ്പിച്ചു. കുട്ടിയുടെ അവകാശം അമ്മക്ക് മാത്രമായി കോടതി വിധിച്ചു. പോകപ്പോകെ കുഞ്ഞിന്റെ മുഖം മനുഷ്യന്റേതായി, ചുരുട്ടിയ മുഷ്ടി നിവർന്നു, ചൂണ്ടിയ വിരൽ മടങ്ങി, കറുപ്പും വെളുപ്പും നിറങ്ങൾ കൂടിക്കലർന്നു ഉടലിനു ഒരു നിറമായി. അതോടെ മറ്റൊരു ദൈവകുഞ്ഞിനെ തേടി അവർ പോയിരുന്നു. അവളും കുഞ്ഞും സ്വന്തം വീട്ടിൽ താമസിക്കാൻ അനുവദിച്ചു കോടതി ഉത്തരവിറങ്ങി. പക്ഷേ കാണാതായ അവളുടെ ഭർത്താവിനെക്കുറിച്ചു ആരും സംസാരിച്ചില്ല, അതവളുടെ മനസ്സിൽ വിങ്ങലായി തുടർന്ന്. തന്റെ കുഞ്ഞിനേയും വിരൽ ചൂണ്ടാൻ അവൾ പഠിപ്പിച്ചു.
✍️ ഫെബിൻ ജോസഫ്
💞
ReplyDelete