പൊളിച്ചെഴുത്ത്
അവന്റെ ഏകാന്തജീവിതം എന്ന വലിയ കള്ളത്തരത്തിന്റെ ചുരുൾ അഴിയുകയാണ്. ഒറ്റക്കാണ് എന്ന് പറയുമ്പോളും ജീവനുള്ളവ എപ്പോഴും അവന്റെ അടുത്ത് ഉണ്ടായിരുന്നു. അവന്റെ കിടപ്പുമുറിയുടെ വാർപ്പിന്റെ നാല് മൂലകളിലും നാല് വശങ്ങളിലുമായി പതിമൂന്നു ചിലന്തികളും, തറയിലും കട്ടിലിലുമായി അൻപത്തിമൂന്ന് ഉറുമ്പുകളും, മുറിയുടെ കിഴക്കേ മൂലയിൽ പാർപ്പിട സമുച്ചയം പണിതുയർത്തുന്ന ചിതൽ കൂട്ടുകുടുംബവും അവിടുത്തെ സ്ഥിരതാമസക്കാരും അവനെതിരെയുള്ള ശക്തമായ തെളിവുകളുമായി നിലകൊള്ളുന്നു. ഇവരെ കൂടാതെ ക്ഷണിക്കപ്പെടാത്ത അഥിതികൾ ആയി ആ മുറിയിൽ കടന്നു കൂടിയ രണ്ട് ജോഡി കൊതുകുകളും അവനെതിരെ തെളിവായി. ഇവയെ കൂടാതെ ശതകോടി സൂക്ഷ്മജീവികളും ആ മുറിയിൽ ജീവിക്കുകയും പെറ്റുപെരുകുകയും ചെയ്യുന്നു. ഇങ്ങനെ വാദങ്ങൾ നിരത്തി അവന്റെ കള്ളത്തരത്തിന്റെ ചീട്ടുകൊട്ടാരം നിലമ്പരിശാക്കി. ഇനി നേരിടേണ്ടതു വലിയ ഒരു സൈന്യത്തെയാണ്. ആണവായുധം പോലും കയ്യിൽ കരുതാനുംമാത്രം ശക്തരായ എതിരാളികൾ. ഇതൊരു മഹായുദ്ധമായിമാറാൻ ഏതാനും സെക്കന്റുകൾമതി. മുന്നിൽ നിന്ന് നയിക്കുന്ന ഞാൻ പോരാടിയെ മതിയാകു. യുദ്ധം തുടങ്ങി രണ്ടു സൈന്യത്തിലെയും ഒരുപാട്പേർ മരിച്ചു പരിക്ക് പറ്റി. എന്തിനാണ് ഈ യുദ്ധം എന്നത് മാത്രം ആർക്കും അറിയില്ല, എനിക്കൊഴിച്ച്. ഒരു വലിയ മലയിലേക്ക് ഓടി കയറി ഏറ്റവും മുകളിൽ എത്തിയപ്പോൾ ആരോ തള്ളി അഗാധമായ കൊക്കയിലേക്ക് വീണു. താഴോട്ട് പോകുംതോറും വയറിൽ നിന്നൊരു മിന്നൽ മുകളിലേക്ക് വന്നു. ആ വീഴ്ച ചെന്നു പതിച്ചതു ഒരു സിനിമ ഷൂട്ടിംഗ് സ്ഥലത്താണ്. അവിടെ ഡയറക്ടർ എന്നെഴുതിയ കസേര ഒഴിഞ്ഞു കിടക്കുന്നു. അതിലിരുന്ന് മാർഗനിർദേശം നൽകി, അഭിനയിപ്പിച്ചു, ആ സിനിമ പൂർത്തിയാക്കി. പണ്ടെങ്ങോ എഴുതിയ കഥ തന്നെയായിരുന്നതുകൊണ്ട് ജോലി എളുപ്പമായിരുന്നു.അപ്പോഴാണ് ഉന്നത ജോലിയിൽനിന്നുള്ള കുറച്ചു നാളത്തെ ഇടവേളയിലാണ് ഈ സിനിമാപിടുത്തം എന്ന് ബോധ്യമുണ്ടായത്. ഉടനെ തിരിച്ചു കയറണം, ഇനി ഒരു ഉദ്യോഗസ്ഥൻ മാത്രമല്ല സിനിമാപിടുത്തക്കാരൻ കൂടെയാണ് അതിനുള്ള പക്വത പെരുമാറ്റത്തിൽ വരുത്തേണ്ടിയിരിക്കുന്നു. വായിച്ചു തീർക്കേണ്ട പുസ്തകങ്ങൾ കുമിഞ്ഞു കൂടിയിരിക്കുന്നു, കാണേണ്ട സിനിമകളുടെ എണ്ണം നൂറ് കടന്നിരിക്കിന്നു. താൻ മാത്രം രക്ഷപെട്ട യുദ്ധം അവസാനിപ്പിക്കേണ്ടിയിരിക്കുന്നു. എല്ലാത്തിനും ഒരു അവസാനം കാണേണ്ടിയിരിക്കുന്നു. ഉണർന്നെണീക്കാൻ സമയം അതിക്രമിച്ചിരിക്കുന്നു. "നിങ്ങൾ ഇത്ര നേരം കണ്ടത് അഥവാ വായിച്ചതു, ഇക്കാലത്തും ഒരാൾക്കു അക്ഷരങ്ങളിൽ ചിത്രം കാണാൻ കഴിയുന്നില്ല എന്നത് അത്ഭുതമാണ്, ഒരു ഇരുപത്തിരണ്ടു വയസുകാരന്റെ സ്വപ്നങ്ങളും തോന്നലുകളും ഭ്രാന്തമായ ചിന്തകളുമാണ്. ഈ സമയത്തു തന്നെ ഉറുമ്പുകളുടെ എണ്ണം അൻപത്തിൽനിന്നു താഴെ പോവുകയും, ഒരു കൊതുകിനു പങ്കാളിയെ നഷ്ടപ്പെടുകയും ചെയ്തു. നല്ല വായനക്ക് നന്ദി."
✍️ഫെബിൻ ജോസഫ്
Comments
Post a Comment